മുംബൈ∙ മറാഠ വിഭാഗക്കാർക്കു വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ 16% സംവരണം നൽകുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ബിൽ പാസാക്കുന്നതിനു സഹകരിച്ച പ്രതിപക്ഷ അംഗങ്ങൾക്കുൾപ്പെടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നന്ദി അറിയിച്ചു.
സർക്കാർ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശം എന്നീ മേഖലകളിൽ ഇനി മറാഠ വിഭാഗക്കാർക്കു സംവരണം ലഭ്യമാകും. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരെന്നു കണ്ടെത്തിയതിനാലാണു നടപടി. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ റിപ്പോർട്ടിൽ മറാഠ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ പിന്നോക്കം നിൽക്കുന്നവരാണെന്നു കണ്ടെത്തിയിരുന്നു. സർക്കാർ ജോലികളിലും ഇവര്‍ക്കു മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും നിലപാട് സ്വീകരിച്ചു.
മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യയുടെ 30% മറാഠ വിഭാഗമാണ്. സംവരണം ആവശ്യപ്പെട്ട് ഈ വർഷം ജൂലൈയിലും ഓഗസ്റ്റിലും ഇവർ നടത്തിയ പ്രക്ഷോഭങ്ങൾ സംഘർഷത്തില്‍ കലാശിച്ചിരുന്നു.