ഇസ്‌ലാമബാദ്∙ വിവാദമായ തന്റെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ളതല്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ അത് ആരെ പരാമർശിച്ചുള്ളതാണെന്നു പ്രഖ്യാപിക്കാൻ ഇമ്രാൻ തയാറായില്ല. സമാധാനത്തിനായുള്ള അഭിപ്രായ ഐക്യം ഉണ്ടായിരിക്കുകയാണെന്നും പാക്ക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ‘ചെറിയ മനുഷ്യര്‍ വലിയ ഓഫിസുകൾ കൈവശപ്പെടുത്തുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കിയതിൽ ഇമ്രാൻ നേരത്തേ ഇന്ത്യയെ രൂക്ഷമായി വിമർശിച്ചിരുന്നു. യുഎൻ ജനറൽ അസംബ്ലിയോട് അനുബന്ധിച്ചു നടത്താൻ തീരുമാനിച്ച ചർച്ചകൾ ഭീകരാക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ‘സമാധാന ചർച്ചകൾക്കായുള്ള തന്റെ ശ്രമങ്ങളോടുള്ള ഇന്ത്യയുടെ ധിക്കാരം കലർന്ന മറുപടി ആശങ്കയുണ്ടാക്കുന്നു. ചെറിയ മനുഷ്യർ വലിയ ഓഫിസുകള്‍ സ്വന്തമാക്കിയത് ജീവിതത്തിൽ പല തവണ കണ്ടിട്ടുണ്ട്. വലിയ കാര്യങ്ങൾ കാണാനുള്ള ശേഷി ഇത്തരക്കാർക്ക് ഉണ്ടാകില്ല’– എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.
എന്നാൽ വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണവും ഇന്ത്യ നിരസിച്ചു. ഇന്ത്യയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി യാതൊരുവിധ ചർച്ചകളോ സഹകരണമോ ഇല്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. 2016ലും പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.