തിരുവനന്തപുരം ∙ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയത്തിൽനിന്നു ജനശ്രദ്ധ തിരിക്കുന്നതിനായി ഇരുസർക്കാരുകളും അതിനെ നയിക്കുന്ന ബിജെപിയും സിപിഎമ്മും സംഘടിതമായി വർഗീയ- രാഷ്ട്രീയ കുപ്രചാരണങ്ങൾ ശക്തിപ്പെടുത്തുകയാണ്. ഇതിനെ ചെറുക്കാനും യഥാർത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കാനും ബാധ്യതപ്പെട്ട കോൺഗ്രസ് നേതാക്കളിൽ ചിലരാകട്ടെ 'ഗ്രൂപ്പുകളി'യിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിനുപകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്കു പൂർണമായി കാര്യങ്ങൾ എത്തിയിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും നമ്മുടെ പ്രസിഡന്റ് മുല്ലപ്പള്ളിയും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണു ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്ചെയ്തികളിൽനിന്നു ഗ്രൂപ്പ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂവെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ സുധീരൻ അഭിപ്രായപ്പെട്ടു.
വി.എം.സുധീരന്റെ കുറിപ്പിൽനിന്ന്:
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയത്തിൽനിന്നും ജനദ്രോഹ പ്രവർത്തനങ്ങളിൽനിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി ഇരു സർക്കാരുകളും അതിനെയെല്ലാം നയിക്കുന്ന ബിജെപിയും സിപിഎമ്മും സംഘടിതമായി വർഗീയ- രാഷ്ട്രീയ കുപ്രചാരണങ്ങൾ പൂർവാധികം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലാകട്ടെ കേന്ദ്ര- സംസ്ഥാന ഭരണകക്ഷികളുടെ ഒത്തുകളി കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അന്ധമായ കോൺഗ്രസ് വിരോധത്താൽ പരസ്പരം ഒത്തുചേർന്ന് ഒളിഞ്ഞുംതെളിഞ്ഞും കള്ളക്കളികളുമായി ഇക്കൂട്ടർ മുന്നോട്ടുപോകുന്നതു ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതിനെയെല്ലാം ശക്തമായി ചെറുക്കാനും യഥാർത്ഥ സ്ഥിതി ജനമനസ്സിലേക്ക് എത്തിക്കാനും ബാധ്യതപ്പെട്ട കോൺഗ്രസ് നേതാക്കളിൽ ചിലരാകട്ടെ 'ഗ്രൂപ്പുകളി'യിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ പേരിലാണ് ഇത്തവണ ഗ്രൂപ്പുപോര് രൂക്ഷമാക്കിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു വോട്ടർ പട്ടികയിലേക്ക് അർഹരായവരെ ചേർക്കേണ്ട നിർണായകമായ ഈ സന്ദർഭത്തിൽ അതിനൊന്നും വേണ്ടപോലെ ശ്രമിക്കാതെ വോട്ടർപട്ടികവെച്ച് യൂത്ത് കോൺഗ്രസിലേക്കു കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണു ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നത്.
പണച്ചെലവു വരുന്ന ഇതിനായി ഗ്രൂപ്പുകൾ ഒഴുക്കുന്നതു കോടികളാണ്. പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവർത്തകർക്കു കടന്നുവരാൻ പ്രയാസകരമായ സാഹചര്യമാണു നിലവിലുള്ളത്. 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിനുപകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്കു പൂർണമായി തന്നെ കാര്യങ്ങൾ എത്തിയിരിക്കുന്നു.
ഏറ്റവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾ തന്നെയാണു തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. 'പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്.
ഗ്രൂപ്പ് നേതാക്കൾ ചെയ്യുന്ന ഈ മഹാപാതകത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കോൺഗ്രസിന്റെ വളർച്ച ആഗ്രഹിക്കുന്ന നിസ്വാർത്ഥരായ പ്രവർത്തകരുടെയും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടേയും മനസ്സിനെ വേദനിപ്പിക്കുന്നതും സ്വയം വിനാശകരവുമായ ഈ ഗ്രൂപ്പ് കിടമത്സരത്തിൽനിന്ന് ഇനിയെങ്കിലും പിൻവാങ്ങാൻ ഗ്രൂപ്പ് നേതാക്കൾക്കു കഴിഞ്ഞില്ലെങ്കിൽ പരിതാപകരമായ അവസ്ഥയിലായിരിക്കും പാർട്ടി എത്തിച്ചേരുക എന്നതിൽ യാതൊരു സംശയവുമില്ല.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും നമ്മുടെ പ്രസിഡന്റ് മുല്ലപ്പള്ളിയും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണു ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്ചെയ്തികളിൽനിന്നു ഗ്രൂപ്പ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂ. ഇതിനായി ബന്ധപ്പെട്ട തലങ്ങളിൽ ഫലപ്രദമായ ഇടപെടലുകളുണ്ടാകട്ടെ എന്നാണു പാർട്ടിയെ സ്നേഹിക്കുന്നവരെല്ലാം പ്രത്യാശിക്കുന്നത്.