ന്യൂഡൽഹി ∙ എന്താണ് ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപുകാരുടെ മനസ്സിലിരുപ്പ് ? എന്തുകൊണ്ടാണു ഗോത്രക്കാർ പുറമേയുള്ളവരെ കൊല്ലുന്നത്? മൃതദേഹം മുളയിൽ കോർത്തു കുത്തിനിർത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ത്? അതിക്രമിച്ചു കടക്കാൻ തുനിഞ്ഞവരോടെല്ലം സെന്റിനലുകാർ പറയാൻ ശ്രമിക്കുന്നതെന്താണ്? ഉത്തരങ്ങൾ തേടി ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയ്ക്കും (എഎസ്ഐ) ലോകത്തിലെ നരവംശ ശാസ്ത്രജ്ഞർക്കും കത്തയച്ചിരിക്കുകയാണ്.
പുറത്തുനിന്നു വരുന്നവരോടു എന്നും ശത്രുതാ സമീപനമേ സെന്റിനലുകാർ കാണിച്ചിട്ടുള്ളൂ. ചില സന്ദർഭങ്ങളിൽ ചില സൗഹൃദഭാവങ്ങൾ കാണിച്ചിരിക്കാമെങ്കിലും നോർത്ത് സെന്റിനൽ ദ്വീപിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിച്ചിട്ടില്ല. മുൻപു കടന്നുകയറിയ മൽസ്യത്തൊഴിലാളികളോടും ഇപ്പോൾ കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിനോടും രണ്ടു തരത്തിലാണോ സെന്റിനലുകാർ പെരുമാറിയതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
2006ൽ ആണ് മുൻപു സമാന സംഭവമുണ്ടായത്. ദ്വീപിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച രണ്ട് മൽസ്യത്തൊഴിലാളികളെ സെന്റിനലുകാർ അമ്പെയ്തു കൊന്നു. ആചാരത്തിന്റെ ഭാഗമെന്നോണം മൃതദേഹങ്ങൾ മുളയിൽ കോർത്ത്, കടലിന് അഭിമുഖമായി കുത്തിനിർത്തി. പുറംലോകത്തിനോടുള്ള മുന്നറിയിപ്പു പോലെയായിരുന്നു ഇത്. എന്നാൽ, 12 വർഷം കഴിഞ്ഞ് ജോൺ ചൗ ദ്വീപിലേക്കു കടന്നപ്പോൾ എതിരേറ്റ രീതിയിൽ വ്യത്യാസമുണ്ടായി. മൽസ്യത്തൊഴിലാളികളോടെന്ന പോലെയല്ല ചൗവിനോടു പെരുമാറിയതെന്നതു നരവംശ ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്നു.
ഗോത്രവർഗക്കാർ പരിണാമത്തിലോ?
പൊതുവെ പരമ്പരാഗത ശീലങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണു സംരക്ഷിത ഗോത്രവർഗക്കാർ. മുളയിൽ കോർത്തുനിർത്തുന്നതിനു പകരം ജോൺ ചൗവിന്റെ മൃതദേഹം മണ്ണിൽ മറവു ചെയ്യുകയാണുണ്ടായത്. അടിസ്ഥാന സ്വഭാവങ്ങൾ തുടരുമ്പോഴും ചില പെരുമാറ്റ രീതികളിൽ സെന്റിനലുകാർക്കു മാറ്റമുണ്ടായിയെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതുപോലുള്ള സമാന സംഭവങ്ങളെ മുൻനിർത്തി സെന്റിനലുകാരുടെ സ്വഭാവമാറ്റം പഠിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പൊലീസ്, ആന്ത്രപ്പോളജി സർവേയിലെ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ, ഗോത്രവർഗ പ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘം 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് തയാറാക്കിയത്. ഇവ ലോകത്തിലെ വിവിധ നരവംശ ശാസ്ത്രജ്ഞർക്കും സംഘടനകൾക്കും അയച്ചുകൊടുത്തു.
2006ൽ മൽസ്യത്തൊഴിലാളികളെ കൊന്ന് ഒരാഴ്ചയ്ക്കു ശേഷമാണു മുളയിൽ നാട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. ജോൺ ചൗവിന്റെ കാര്യത്തിൽ അങ്ങനെയുണ്ടായില്ലെന്നതു ദുരൂഹമാണ്. സ്വഭാവമാറ്റം ഉണ്ടോയെന്ന ചിന്തയുടെ അടിസ്ഥാനം ഇതാണ്. പുറംലോകത്തെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നു കരുതി ഇവർ ജാഗ്രത കാണിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്– ആൻഡമാൻ നിക്കോബാർ ഡിജിപി ദീപേന്ദ്ര പഥക് പറഞ്ഞു.
മരണത്തോടും ദുഃഖത്തോടുമുള്ള പ്രതികരണമെങ്ങനെ? സ്വന്തക്കാരെ നഷ്ടപ്പെടുമ്പോൾ പെരുമാറുന്നതെങ്ങനെ? ഒരാളെ കൊല്ലുമ്പോഴുള്ള മാനസികാവസ്ഥയെന്ത്? എന്തെല്ലാം ആയുധങ്ങളാണു കൈവശമുള്ളത്? എത്ര തരം ആയുധങ്ങളുണ്ട്? ആഴക്കടലിൽ നീന്താനാവുമോ? പുറമേനിന്നുള്ളവർ ദ്വീപിൽ എത്തിയാൽ ഇവരിൽ എന്തു മാറ്റമുണ്ടാകും? വിദേശികളുമായുള്ള സമ്പർക്കം ഇവരുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഉത്തരം തേടുന്നത്.
സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ല
യുഎസ് പൗരൻ സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ട സംഭവത്തിൽ തീരസുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു നാവികസേനാ മേധാവി സുനിൽ ലാംബ പറഞ്ഞു. ആൻഡമാൻ ദ്വീപിൽ ടൂറിസ്റ്റായാണു ചൗ എത്തിയത്. അവിടെ പോകാൻ അനുമതി വേണമെന്ന നിയമം അടുത്തിടെ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇതുവരെ അവിടെയാരും സന്ദർശിക്കാൻ വന്നിട്ടില്ല. ഗോത്രവംശജരെപ്പറ്റി പഠിക്കുന്ന നരവംശ ശാസ്ത്രജ്ഞർ മാത്രമാണ് ഈ ദ്വീപുകളിൽ പോയിരുന്നത്– സുനിൽ ലാംബ പറഞ്ഞു.
അവർ തികച്ചും സമാധാനപ്രേമികൾ
സ്വഭാവ വൈചിത്രങ്ങളെപ്പറ്റി ദുരൂഹത തുടരുമ്പോഴും സെന്റിനലുകാർ ‘സമാധാന കാംക്ഷികളാണ്’ എന്നാണു ട്രൈബൽ അഫയേഴ്സ് മന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന നരവംശ ശാസ്ത്രജ്ഞൻ ടി.എൻ.പണ്ഡിറ്റ് പറയുന്നത്. പതിറ്റാണ്ടാകൾക്കു മുൻപ് ഇവരെ സന്ദർശിച്ച അപൂർവം ആളുകളിൽ പ്രമുഖനാണ് പണ്ഡിറ്റ്.
ആക്രമിക്കാനോ കൊല്ലാനോ അവർ ശ്രമിച്ചിട്ടില്ല. അവർക്ക് അസ്വസ്ഥത തോന്നുമ്പോൾ പിന്മാറുകയാണു ഞങ്ങൾ ചെയ്തത്. 27കാരനായ യുഎസ് യുവാവ് കൊല്ലപ്പെട്ടതിൽ ദുഃഖമുണ്ട്. സ്വയം രക്ഷിക്കാൻ നിരവധി അവസരങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു– 84കാരനായ പണ്ഡിറ്റ് പറഞ്ഞു. 1967ലും 1991ലും സെന്റിനലുകാരെ കാണാൻ ശ്രമിച്ച സംഘത്തിൽ പണ്ഡിറ്റുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
നമ്മളെ കാണണോ എന്നുള്ളത് അവരുടെ തീരുമാനമാണ്. പര്യവേഷണ യാത്രയ്ക്കിടെ തീരത്തു ഗോത്രവംശജരെ കണ്ടതും ഞങ്ങൾ ബോട്ടിൽനിന്നു കടലിലേക്കു ചാടി. കഴുത്തൊപ്പം വെള്ളത്തിൽ നിന്നു. അടുത്തേക്കു വന്ന ഗോത്രവംശജർക്കു തേങ്ങയുൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. അതെല്ലാം സ്വീകരിച്ചു. എന്നാൽ ദ്വീപിലേക്കു ഞങ്ങളെ പ്രവേശിപ്പിച്ചില്ല. അവരോടു ആംഗ്യഭാഷയിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല– പണ്ഡിറ്റ് പറഞ്ഞു.
അതേസമയം, ഗോത്രവിഭാഗക്കാരെ മതം മാറ്റുന്നതിനായി ജോൺ അലൻ ചൗവിനെ ദ്വീപിലേക്ക് എത്തിക്കാൻ 2 യുഎസ് മതപ്രചാരകര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 3 പ്രാവശ്യം ദ്വീപിന് സമീപമെത്തി. കൂടുതൽ വിവര ശേഖരണത്തിനായി വീണ്ടും പരിശോധനയ്ക്കൊരുങ്ങാനാണു പൊലീസ് തീരുമാനം. ദ്വീപുവാസികൾക്കു ശല്യമാകുമെന്നതിനാൽ മൃതശരീരം കണ്ടെടുക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ നിലപാട്.