ന്യൂയോർക്ക്∙ യുഎസിലെ പ്രമുഖ ഹോട്ടൽ ശൃംഖലയായ ഹിൽട്ടനെതിരെ 100 മില്യൻ ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവതി കോടതിയെ സമീപിച്ചു. ഹോട്ടലിൽ താമസിക്കവെ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒളിക്യാമറ വച്ചു പകർത്തിയെന്ന ഗുരുതരമായ ആരോപണമാണു യുവതി ഉന്നയിച്ചത്. പോൺ സൈറ്റുകളിൽ പേരടക്കം പരാമർശിച്ച് വിഡിയോ ദൃശ്യം അപ്‍ലോഡ് ചെയ്തതോടെയാണു പരാതിയുമായി യുവതി രംഗത്തെത്തിയത്.
ഇത്തരമൊരു നടപടിയിലൂടെ തനിക്ക് മാനസികമായും അല്ലാതെയും പ്രശ്നങ്ങളുണ്ടായതായി യുവതി പരാതിയിലുന്നയിക്കുന്നു. ചികിൽസാ ചെലവുൾപ്പെടെ നൽകണമെന്നാവശ്യപ്പെട്ടാണു യുവതിയുടെ കേസ്. അൽബനിയിലെ ഹാംടൺ ഇൻ സ്യൂട്ട്സ് ഹോട്ടലിൽ 2015 ജൂലൈയിൽ താമസിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നിയമബിരുദം സ്വന്തമാക്കിയശേഷം ഒരു പരീക്ഷയെഴുതുന്നതിനായി അൽബനിയിലെത്തിയതായിരുന്നു യുവതി.
പൂർണ നഗ്നയായി യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകർത്തിയത്. സംഭവം നടന്ന് മൂന്ന് വർഷങ്ങൾ കഴിഞ്ഞ ശേഷമാണു യുവതി ഇക്കാര്യം അറിഞ്ഞത്. പോൺ സൈറ്റിലെ ലിങ്കുൾപ്പെടെയുള്ള ഇ മെയിൽ ലഭിച്ചതോടെയാണു യുവതിക്ക് സംഭവം മനസ്സിലായത്. ഭീഷണി ഈമെയിൽ സന്ദേശങ്ങൾ ലഭിച്ചെങ്കിലും ഇതൊന്നും കാര്യമാക്കാതിരുന്നതോടെ ദൃശ്യങ്ങൾ കൂടുതൽ സൈറ്റുകളിൽ വ്യാപിക്കുകയായിരുന്നു.
യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇമെയിൽ വിലാസത്തിൽനിന്ന് ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ലഭിക്കുകയും ചെയ്തു. മറ്റു പലരുടെയും ദൃശ്യങ്ങൾ സമാനമായ രീതിയിൽ പകർത്തിയതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം തങ്ങളുടെ അതിഥികളുടെ സുരക്ഷയ്ക്കാണു മുഖ്യപ്രാധാന്യം നൽകുന്നതെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു. ആരോപണങ്ങൾ ഞെട്ടലുണ്ടാക്കി. ക്യാമറ പോലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഹോട്ടൽ വ്യക്തമാക്കിയിട്ടുണ്ട്.