കണ്ണൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ അപമാനിച്ചു; ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നു കണ്ണന്താനം

അൽഫോൻ‌സ് കണ്ണന്താനം

ന്യൂഡൽഹി∙ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സർക്കാർ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി അൽഫോൻ‌സ് കണ്ണന്താനം. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കണ്ണന്താനം കത്തയച്ചു. ഉദ്ഘാടനത്തിനു പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, വിമാനത്താവളത്തിന്റെ ഉദ്ഘാടനചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന്റെ പണി തൊണ്ണൂറു ശതമാനം പൂര്‍ത്തിയാക്കിയതാണ്.

അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നു പ്രതിപക്ഷനേതാവ് ചോദിച്ചു. യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കും, എന്നാലിത് ബഹിഷ്ക്കരണമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.