‘36 വർഷങ്ങൾക്കുമുൻപ്, കൃത്യമായി പറഞ്ഞാൽ 1982 ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് നഴ്സും ശിശുപരിചരണ വിഭാഗം ജീവനക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ലിനെറ്റ് ഡാവ്‌സണെ കാണാതായി. രണ്ടു ദിവസത്തിനകം ലിനറ്റിന്റെ ഭർത്താവ് കായികതാരവും ടീച്ചറുമായ ക്രിസ് ഡാവ്സൺ, ദമ്പതികളുടെ കുട്ടികളെ നോക്കിയിരുന്ന 16 കാരിയുമായി താമസം ആരംഭിച്ചു.
വിദ്യാർഥിയായിരുന്ന ഈ പതിനാറുകാരിയുമായി ക്രിസ്സിന് വഴിവിട്ട അടുപ്പം ഉണ്ടായിരുന്നതായി ആരോപണവുമുണ്ടായിരുന്നു...’ 36 വർഷങ്ങൾക്കുശേഷം ഈ വിവരങ്ങൾക്കു വീണ്ടും പ്രാധാന്യം ലഭിച്ചത് ‘ടീച്ചേഴ്സ് പെറ്റ്’ എന്ന പോഡ്കാസ്റ്റ് (ശബ്ദരേഖ) പരിപാടി വഴിയാണ്. ഇതോടെ നിർജീവമായിക്കിടന്ന അന്വേഷണത്തിന് ജീവൻ വച്ചു. ക്രിസ്സിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു!
ലിനെറ്റിനെ കാണാതായ സംഭവത്തിൽ ക്രിസ്സിനെതിരെ തന്നെയായിരുന്നു ആരോപണം മുഴുവനും. എന്നാൽ വ്യക്തമായ തെളിവില്ലാത്തതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. കാമുകിക്കൊപ്പം താമസിക്കാൻ ക്രിസ് ഭാര്യയെ കൊല്ലുകയായിരുന്നുവെന്നാണ് ഇപ്പോൾ തെളിഞ്ഞത്. അതേസമയം, ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയെന്ന നിലപാടാണ് ക്രിസ്സിന്റേത്. മുൻ റഗ്ബി താരവും നിയമവൃത്തങ്ങളിൽ സുഹൃത്തുക്കളുമുള്ള ക്രിസ് അന്ന് കേസ് അന്വേഷിച്ചിരുന്നവരെ സ്വാധീനിച്ചിരിക്കാമെന്ന ആരോപണവും ഇതിനിടെ ഉയർന്നു.
ലിനറ്റുമായി പ്രണയം പതിനാറാം വയസിൽ, പിന്നീടു 16 കാരിയുമായും
1965ല്‍ 16ാം വയസ്സിൽ ഹൈസ്കൂൾ പരിപാടിക്കിടയിലാണു ക്രിസ് ഡാവ്സണും ലിനെറ്റ് സിംസും പരിചയപ്പെട്ടത്. 1970 മാർച്ച് 26ന് ഇരുവരും വിവാഹിതരായി. 1979ൽ ക്രിസ് സിഡ്നി നോർത്തേൺ ബീച്ചിലെ ക്രോമെർ ഹൈസ്കൂളിലെ കായിക അധ്യാപകനായി ചുമതലയേറ്റു. ഒരു വർഷത്തിനുശേഷമാണ് വിദ്യാർഥിനിയായ ജൊവാൻ കർട്ടിസുമായുള്ള (16) ബന്ധം ക്രിസ് ആരംഭിക്കുന്നത്. ലിനെറ്റിനെ കൊല്ലാൻ ക്രിസ് വാടക കൊലയാളിയെ ഏർപ്പെടുത്തിയെന്ന ഗുരുതര ആരോപണം 1981 ൽ ജൊവാൻ ഉന്നയിച്ചിരുന്നു.
കലുഷിതമായിരുന്നു ദാമ്പത്യ ജീവിതമെങ്കിലും മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയാണ് കാണാതാവുന്നതിനു തലേന്ന് ലിനെറ്റ് മാതാവിനോടും സഹോദരനോടും പങ്കുവച്ചത്. ക്രിസ്സിന്റെ മൊഴി അനുസരിച്ച് 1982 ജൂൺ 9ന് ലിനെറ്റ് ഫോണിൽ വിളിച്ചു തനിക്കു കുറച്ചു സമയം വേണമെന്നും സുഹൃത്തുക്കളുമായി സെൻട്രൽ കോസ്റ്റിലേക്കു പോകുകയാണെന്നും പറഞ്ഞു. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിറ്റേ ദിവസം ജൊവാൻ, ക്രിസും ലിനെറ്റും താമസിച്ചിരുന്ന വീട്ടിലേക്കു മാറിയെന്നാണ് പോഡ്കാസ്റ്റിൽ പറയുന്നത്. ലിനെറ്റിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ജൊവാനെ കണ്ടതായും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.
അതേസമയം, ജനുവരി 12നും 26നുമിടയ്ക്ക് ലിനെറ്റ് തന്നെ പലതവണ വിളിച്ചെന്നും ബാങ്കിന്റെ കാർഡ് രണ്ടു തവണ ഉപയോഗിച്ചെന്നും ക്രിസ് പറയുന്നു. ആറാഴ്ചകൾക്കുശേഷം ഫെബ്രുവരി 18നാണ് ഭാര്യയെ കാണാനില്ലെന്ന പരാതി ക്രിസ് പൊലീസിനു നൽകുന്നത്. പിന്നീട് 1983ൽ ക്രിസ് വിവാഹമോചന ഹർജി നൽകി. 1984ൽ ക്രിസും ജൊവാനും വിവാഹിതരായി. ലിനെറ്റിന്റെ വിവാഹമോതിരമാണ് ജൊവാനും ക്രിസ് നൽകിയത്. ഒൻപതു വർഷങ്ങൾക്കുശേഷം ഇരുവരും വിവാഹമോചിതരായി.
ദുരൂഹം ഈ കാണാതാകൽ
ലിനെറ്റിനെ കാണാതായതുമുതലുള്ള ഉദ്വേഗം കഴിഞ്ഞ ദിവസത്തെ ക്രിസ്സിന്റെ അറസ്റ്റോടെയാണ് അവസാനമായത്. കൊലപാതകത്തിനു പിന്നിൽ ലിനെറ്റിന് ‘അറിയാവുന്ന’ ആളാണെന്ന് 2001 ൽ വിവരം ലഭിച്ചിരുന്നു. പിന്നീട് 2003 ൽ ക്രിസ് ആണ് കൊലയ്ക്കു പിന്നിലെന്ന വിവരവും ലഭിച്ചു. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റം ചുമത്താൻ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂട്ടർ വിസമ്മതിക്കുകയായിരുന്നു.
പിന്നീട് കേസിൽ കാര്യമായ അന്വേഷണമൊന്നും നടന്നില്ല. 2015 ൽ കേസ് ഫയൽ പൊലീസ് വീണ്ടും തുറന്നു. ഏപ്രിലിൽ പുതിയ തെളിവുകൾ കണ്ടെത്തി സമർപ്പിച്ചു. സെപ്റ്റംബറിൽ ഇരുവരും താമസിച്ചിരുന്ന വീട്ടിൽ പൊലീസ് കിളച്ചുമറിച്ച് പരിശോധനകൾ നടത്തി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകുമോയെന്നുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. പക്ഷേ, മുന്നോട്ടുപോയില്ല.
എന്നാല്‍ 2018 മേയിൽ പോഡ്കാസ്റ്റ് ‘ടീച്ചേഴ്സ് പെറ്റി’ലൂടെ വിവരങ്ങൾ പുറത്തുവന്നതോടെയാണു ജനത്തിനിടയിലും ഈ കേസ് ചർച്ചാവിഷയമായത്. ഓസ്ട്രേലിയ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ ഹിറ്റ് ചാർട്ടിലാണ് ‘ടീച്ചേഴ്സ് പെറ്റ്’ ഇടംപിടിച്ചത്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രഗത്ഭമായ ജേണലിസം പുരസ്കാരവും ഇതിനു ലഭിച്ചു. ഇതേത്തുടർന്നു കേസിൽ വൻ ജനശ്രദ്ധയുണ്ടായി. ഇതോടെ കണ്ടെത്തിയ തെളിവുകൾ പുനഃപരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. അങ്ങനെ ക്രിസ്സിനെ അറസ്റ്റ് ചെയ്തു. ഈ സെപ്റ്റംബറിലും വീട് അരിച്ചുപെറുക്കി അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
ലിനെറ്റ് കൊല്ലപ്പെട്ടതുതന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് കമ്മിഷണർ മിക്ക് ഫുല്ലർ അറിയിച്ചു.