Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റണിയുടെ വധശിക്ഷയിലെ ഇളവ് ദാരിദ്ര്യം പരിഗണിച്ച്; അപൂർവം ഈ വിധി

aluva-murder-antony

ന്യൂഡൽഹി∙ "സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം കുറ്റകൃത്യത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ ശിക്ഷ വിധിക്കുമ്പോള്‍ അതു പരിഗണിക്കുക തന്നെ വേണം".... ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തം കഠിനതടവാക്കി ഇളവുചെയ്ത വിധിയില്‍ എഴുതിയ വരികള്‍. ആന്‍റണിയുടെ ദാരിദ്ര്യപശ്ചാത്തലം കൂട്ടക്കൊലപാതകത്തിനു കാരണമാണെന്നതു കാണാതിരിക്കാനാകില്ല.

വിദേശത്ത് ജോലിക്കു പോകാനും കടം വീട്ടാനുമാണ് ആന്‍റണി കൊലപാതകം നടത്തിയത്. വധശിക്ഷ വിധിച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്കു വീഴ്ച പറ്റിയെന്ന് പരമോന്നത കോടതി വ്യക്തമാക്കി. നീതിയുടെ വൈകലും കോടതിയുടെ ആശങ്കയാണ്. 2001ലെ കേസില്‍ കോടതി നടപടികള്‍ക്ക് അന്തിമതീര്‍പ്പുണ്ടാകാന്‍ പതിനേഴ് വര്‍ഷം വരെ നീണ്ടു. ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ കാലോചിതമായ പരിഷ്കാരം വരേണ്ടകാലം അതിക്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്. അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്‍റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നതു ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം.വി. വര്‍ഗീസ്, എം.വി. റാഫേല്‍ എന്നിവരാണ് ആന്‍റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്‍റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്‍റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുള്ള സാധ്യത കോടതിയും കണക്കിലെടുത്തു.

നേരത്തേ സുപ്രീംകോടതി ആന്‍റണിയുടെ അപ്പീലും പുനഃപരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയിരുന്നു. രാഷ്ട്രപതിക്കു സമര്‍പ്പിച്ച ദയാഹര്‍ജിയും നിരസിക്കപ്പെട്ടു. 2015 ഏപ്രിലില്‍ ആന്‍റണിയെ കഴുമരത്തിലേറ്റാന്‍ നടപടി തുടങ്ങി. ഈ സമയത്ത് ജയകുമാര്‍ ആര്‍. നായര്‍ എന്ന വ്യക്തി ആന്‍റണിക്കു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു.

2010ല്‍ പുനഃ പരിശോധനാഹര്‍ജി ചേംബറില്‍ മാത്രം പരിശോധിച്ചാണു തള്ളിയത്. വധശിക്ഷ വിധിച്ച കേസുകളില്‍ പുനഃപരിശോധനാഹര്‍ജി തുറന്നകോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന 2014ലെ മുഹമ്മദ് ആരിഫ് കേസിലെ വിധി പരിഗണിക്കണമെന്നു പൊതുതാല്‍പര്യ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആലുവ കൂട്ടക്കൊലക്കേസ് വീണ്ടും സജീവമായത്. ആന്‍റണിയുടെ അഭിഭാഷകന്‍ മനോജ് ജോര്‍ജിന്റെ വാദം വിശദമായി തന്നെ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെ‍ഞ്ച് തുറന്നകോടതിയില്‍ കേട്ടു. വധശിക്ഷ ഇളവുചെയ്യുകയും ചെയ്തു.

അപ്പോഴും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ദുരൂഹതകള്‍ അതേപടി നിലനില്‍ക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല. 

∙ ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരാണ് ?

∙ കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍.

∙ രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല.

∙ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്ന് പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്‍റെ ബന്ധുവിന്‍റെയും ആന്‍റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍.

നേരിട്ട് തെളിവില്ലാത്ത കേസില്‍, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആന്‍റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോള്‍ ആന്‍റണി സ്വന്തം വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു.

പുലര്‍ച്ചെ മാഞ്ഞൂരാന്‍ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിര്‍ണായകമായി. വീട്ടില്‍ നിന്നെടുത്ത സ്വര്‍ണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനടിക്കറ്റെടുത്തതും തെളിവായി. 2001 ജനുവരി ആറിന് രാത്രി പത്തിനു തുടങ്ങിയ കൊലപാതക പരമ്പര മൂന്നുമണിക്കൂര്‍ എടുത്താണു പൂര്‍ത്തിയാക്കിയതെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം അഗസ്റ്റിന്‍റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും കൊലപ്പെടുത്തി. സിനിമയ്ക്ക് പോയിരുന്ന അഗസ്റ്റിനെയും ഭാര്യ ബേബിയെയും കുട്ടികളായ ജെസ്മോനെയും ദിവ്യയെയും കാത്തിരുന്ന് ആന്‍റണി കൊലപ്പെടുത്തിയെന്നും തെളിഞ്ഞിരുന്നു.

related stories