തിരുവനന്തപുരം∙ പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നവംബര്‍ മാസം 27 ന് ആരംഭിച്ച് ഇന്ന് അവസാനിക്കുമ്പോള്‍, 13 ദിവസത്തെ സമ്മേളന കാലയളവില്‍ സഭ തടസമില്ലാതെ പ്രവര്‍ത്തിച്ചത് രണ്ടു ദിവസം മാത്രം.
അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് 21 മിനിറ്റ് മാത്രം സമ്മേളിച്ച് ഹാട്രിക് അടിച്ചതിന്റെ റെക്കോര്‍ഡും ഈ സഭയ്ക്ക് സ്വന്തം. മറ്റൊരു ദിവസം, ബഹളത്തെത്തുടര്‍ന്ന് 17-ാം മിനിറ്റിൽ സഭ പിരിഞ്ഞു.
നിയമസഭ ഒരു ദിവസം സമ്മേളിക്കുന്നതിന് 15 ലക്ഷം മുതല്‍ 21 ലക്ഷംവരെ ചെലവു വരുമെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ കണക്ക്. വൈദ്യുതി നിരക്കും സുരക്ഷാ മുന്നൊരുക്കങ്ങളുമെല്ലാം ഇതില്‍പെടും.
ഇതനുസരിച്ച് ഈ സഭാസമ്മേളനത്തില്‍ ശരാശരി 1.95 കോടിരൂപ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് പാഴായി. ഔദ്യോഗിക കണക്കുകളനുസരിച്ച് കൂടുതല്‍ കാലം സഭ സമ്മേളിക്കുന്നതിന്റെ റെക്കോര്‍ഡ് കേരള നിയമസഭയ്ക്കാണ്. 59 ദിവസമാണ് ഈ വര്‍ഷം സഭ സമ്മേളിച്ചത്.
സഭ നേരത്തെ പിരിഞ്ഞാലും സഭാ റജിസ്റ്ററില്‍ ഒപ്പിട്ടാല്‍ എംഎല്‍എമാര്‍ക്ക് ആനുകൂല്യം ലഭിക്കും. സഭ സമ്മേളിക്കുമ്പോള്‍ 1,000 രൂപയാണ് അലവന്‍സ്.
ഇതിനു പുറമേ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 10 രൂപ നിരക്കില്‍ വാഹന അലവന്‍സുണ്ട്. സഭയില്‍ പങ്കെടുക്കുന്നതിന് 140 എംഎല്‍എമാര്‍ക്ക് ഒരു ദിവസം നല്‍കുന്ന അലവന്‍സ് 1,40,000 രൂപയാണ്.
ഈ സമ്മേളനകാലത്തെ മൊത്തം അലവന്‍സ് 18,20,000 രൂപ. എംഎല്‍എമാര്‍ക്ക് ശമ്പളമായി മാസം ലഭിക്കുന്നത് 70,000 രൂപ. അലവന്‍സുകളുടെ രൂപത്തിലാണ് ഈ തുക ലഭിക്കുന്നത്. മിനിമം യാത്രാബത്ത 20,000 രൂപ (മണ്ഡലങ്ങളനുസരിച്ച് ഇതില്‍ വ്യത്യാസം വരും).
ഫിക്സ്ഡ് അലവന്‍സ് 2,000 രൂപ. മണ്ഡല അലവന്‍സ് 25,000 രൂപ. ടെലിഫോണ്‍ അലവന്‍സ് 11,000 രൂപ. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ. മറ്റ് അലവന്‍സുകള്‍ 8,000 രൂപ. ഇതിനുപുറമേ ചികില്‍സാ ആനുകൂല്യങ്ങളും ലഭിക്കും.
∙ സഭാ സമ്മേളനകാലം അടിച്ചു പിരിഞ്ഞത് ഇങ്ങനെ:
നവംബര്‍ 27 - മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖിനു ചരമോപചാരം അര്‍പ്പിച്ചു സഭ പിരിഞ്ഞു
നവംബര്‍ 28- ചോദ്യോത്തരവേള തീരാന്‍ മൂന്നു മിനിട്ടു ബാക്കിനില്‍ക്കേ, പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ശബരിമലയായിരുന്നു വിഷയം. ഒരു മണിക്കൂറിനുശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി.എസ്.ശിവകുമാര്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കി. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ പ്രതിഷേധം. മൂന്നു ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു സഭ പിരിഞ്ഞു
നവംബര്‍ 29 - സഭ 21 മിനിറ്റില്‍ പിരിഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വിഷയത്തെക്കുറിച്ച് തിരുവഞ്ചൂരാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ബഹളത്തെത്തുടര്‍ന്നു ചോദ്യോത്തരവേള 15 മിനിറ്റില്‍ അവസാനിപ്പിച്ചു. കേരള പൊലീസ് ഭേദഗതി ബില്‍, കോഴിക്കോട് സര്‍വകലാശാല ബില്‍ എന്നിവ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു
നവംബര്‍ 30- ശബരിമല വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നു സഭാസമ്മേളനം വീണ്ടും 21 മിനിറ്റില്‍ അവസാനിച്ചു. 15-ാം മിനിറ്റില്‍ ചോദ്യോത്തരം റദ്ദാക്കി. സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹത്തില്‍.
ഡിസംബര്‍ 3 - മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിഷയത്തില്‍ 21ാം മിനിറ്റില്‍ സഭ പിരിഞ്ഞു ഹാട്രിക് അടിച്ചു. 18-ാം മിനിറ്റില്‍ ചോദ്യോത്തരം അവസാനിച്ചു. ബില്ലുകള്‍ ചര്‍ച്ചകൂടാതെ സബ്ജക്ട് കമ്മറ്റിക്ക്.
ഡിസംബര്‍ 4 - മന്ത്രി കെ.ടി.ജലീല്‍ വിഷയത്തില്‍ സഭയില്‍ ബഹളം. പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ഡിസംബര്‍ 5 - വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടത്തിന് അവകാശം ഉറപ്പിക്കുന്ന ബില്‍ സഭ പാസാക്കി.
ഡിസംബര്‍ 6 - മന്ത്രി കെ.ടി.ജലീല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്, ബില്‍ കീറിയെറിഞ്ഞു പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ഡിസംബര്‍ 7 - ശബരിമല വിഷയത്തില്‍ പ്രതിഷേധം, സഭ 17 മിനിറ്റില്‍ പിരിഞ്ഞു.
ഡിസംബര്‍ 10 - ശബരിമല വിഷയത്തില്‍ പ്രതിഷേധം, സഭ അരമണിക്കൂറിനുള്ളില്‍ പിരിഞ്ഞു.
ഡിസംബര്‍ 11 - ശബരിമല വിഷയത്തില്‍ പ്രതിഷേധം, സഭ ഒരു മണിക്കൂറിനുള്ളില്‍ പിരിഞ്ഞു.
ഡിസംബര്‍ 12 - എംഎഎമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു പ്രതിപക്ഷം. പ്രതിഷേധത്തെത്തുടര്‍ന്നു സഭ ഒരു മണിക്കൂറിനുള്ളില്‍ പിരിഞ്ഞു.
ഡിസംബര്‍ 13 - വനിതാ മതിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംഎല്‍എമാര്‍ തമ്മില്‍ ഉന്തുംതള്ളും. സഭാ സമ്മേളനം തുടരുന്നു.