മുംബൈ ∙ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് എതിരായതിനു പിന്നാലെ മഹാരാഷ്ട്രയിൽ അവർക്കുമേൽ സമ്മർദം ഉയർത്താൻ പ്രതിപക്ഷ പാർട്ടികളും സഖ്യകക്ഷിയായ ശിവസേനയും. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം വേണമെങ്കിൽ 50 ശതമാനം സീറ്റുകൾ തങ്ങൾക്കു നൽകണമെന്ന ആവശ്യം ശിവസേന ഉന്നയിച്ചേക്കും.
അതോടൊപ്പം, നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയേക്കാൾ കൂടുതൽ സീറ്റുകളും ശിവസേന ആവശ്യപ്പെടുമെന്നാണു സൂചന. ബിജെപിക്കും അവർ നേതൃത്വം നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും എതിരെ കർഷകരെയും തൊഴിൽരഹിതരായ യുവാക്കളെയും മുന്നിൽ നിർത്തി പ്രക്ഷോഭം ശക്തമാക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമം. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ശിവസേന ഒറ്റയ്ക്കു മൽസരിക്കുമെന്നു മാസങ്ങൾക്കു മുൻപേ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും സഖ്യമായി മൽസരിക്കവെ ശിവസേന ഒപ്പമില്ലാതെ തിരഞ്ഞെടുപ്പു നേരിടുക ബിജെപിക്കു വെല്ലുവിളിയാണ്. അതിനാൽ, സേനയെ അനുനയിപ്പിച്ച് മുന്നോട്ടു പോകാനാകും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ശ്രമം. അത്തരത്തിൽ സഖ്യചർച്ചകൾക്കായി ബിജെപി നേതൃത്വം സമീപിക്കുമ്പോൾ നിലപാടു കർശനമാക്കാനാണ് ശിവസേനയുടെ പദ്ധതി.
തെറ്റായ നയങ്ങൾ, കറൻസി പരിഷ്കരണം, ജിഎസ്ടി എന്നിവ നടപ്പാക്കിയതിലെ പാളിച്ചകൾ, കർഷകരുടെയും യുവാക്കളുടെയും രോഷം, വാഗ്ദാനങ്ങൾ പാലിക്കാതിരിക്കൽ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ബിജെപിക്കു തിരിച്ചടിയായെന്നാണ് ശിവസേനയുടെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ. ഇൗ വിഷയങ്ങളിൽ രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും ജനങ്ങളുടെ അതേ വികാരം തന്നെയാണ് മഹാരാഷ്ട്രയിലുള്ളവർക്കും ഉണ്ടാവുക എന്ന ചിന്ത പ്രതിപക്ഷത്തിനു പകരുന്ന ഉൗർജം ചെറുതല്ല. പ്രക്ഷോഭ പാതയിലേക്കാണു തങ്ങളെന്ന സൂചന കോൺഗ്രസും എൻസിപിയും നൽകിക്കഴിഞ്ഞു.
ബിജെപിയെ തങ്ങളുടെ വരുതിയിൽ വരുത്താൻ എല്ലാ അടവുകളും ശിവസേന പുറത്തെടുക്കും. അതിനായി, ഓരോരോ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അവർ ആക്രമണം രൂക്ഷമാക്കിയേക്കും. ബിജെപിയില്ലാത്ത ഭരണകൂടം എന്നതാണു ജനങ്ങളുടെ ആഗ്രമഹമെന്ന സൂചന തരുന്നതാണു തിരഞ്ഞെടുപ്പു ഫലങ്ങളെന്നു മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ ശിവസേന ആരോപിച്ചു. അതേസമയം, ഇപ്പോൾ തിരഞ്ഞെടുപ്പു നടന്ന സ്ഥലങ്ങളിലേതിനു തുല്യമായ ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബലം. താൻ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തു നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ വിജയിപ്പിച്ച മുഖ്യമന്ത്രിയാണ് ഫഡ്നാവിസ്.
സംസ്ഥാനത്തെ 27 മുനിസിപ്പൽ കോർപറേഷനുകളിൽ 15 എണ്ണത്തിന്റെയും നിയന്ത്രണം ബിജെപിയുടെയും സഖ്യകക്ഷികളിലൂടെയും കൈപ്പിടിയിലാക്കിയതിലൂടെ താഴെത്തട്ടിൽ സ്വാധീനം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇപ്പോഴത്തെ തിരഞ്ഞെടുപ്പു ഫലങ്ങൾ പ്രതിപക്ഷ പാർട്ടികളും ശിവസേനയും വികാരപരമായി ബിജെപിക്കെതിരെ പ്രയോഗിക്കുമ്പോൾ, തിരിച്ചടി പ്രതിരോധിക്കാനുള്ള നടപടികളിലേക്കായിരിക്കും ബിജെപി കടക്കുക. ചെറുപാർട്ടികളെ ഒപ്പം നിർത്തുക, ശിവസേനയോടു വിട്ടുവീഴ്ച ചെയ്യുക തുടങ്ങിയ വിധത്തിലായിരിക്കും നീക്കം. എക്കാലവും കോൺഗ്രസിനും എൻസിപിക്കും ഒപ്പം നിന്നിരുന്ന മറാഠകൾക്കു സംവരണം നൽകിയതിലൂടെ സംസ്ഥാനത്ത് 30 ശതമാനത്തിലേറെ വരുന്ന പ്രബലസമുദായം ഇത്തവണ ബിജെപിക്കും ഫഡ്നാവിസിനും ഒപ്പമാകാനാണു സാധ്യത.
മാറ്റത്തിന്റെ തുടക്കം: പവാർ
നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ മാറ്റത്തിന്റെ തുടക്കമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ബിജെപി സർക്കാരിന്റെ നയങ്ങളെ ജനങ്ങൾ തള്ളിക്കള്ളയാൻ തുടങ്ങിയിരിക്കുന്നു. ഗാന്ധി കുടുംബാംഗങ്ങൾക്കെതിരെ വ്യക്തിപരമായി നരേന്ദ്ര മോദി നടത്തുന്ന അധിക്ഷേപങ്ങളെയും പവാർ രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രി പദവിയിലുള്ള ഒരാളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങളല്ല ഇൗ വിഷയത്തിൽ പലപ്പോഴും മോദിയിൽ നിന്നുണ്ടാകുന്നതെന്നും പവാർ ചൂണ്ടിക്കാട്ടി. തന്റെ പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പൊതുതിരഞ്ഞെടുപ്പിനു മുൻപ് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും പ്രതിപക്ഷ നിരയിൽ അണിനിരക്കണമെന്നും 78-ാം പിറന്നാൾ ദിനത്തിൽ മാധ്യമങ്ങളോടു സംസാരിക്കവെ ശരദ് പവാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനെ ബിജെപി നേതാക്കൾ പപ്പു എന്നു വിളിച്ച് അധിക്ഷേപിക്കുന്നതിനെ ജനം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക പ്രശ്നം, തൊഴിലില്ലായ്മ; ആയുധങ്ങൾ മൂർച്ചകൂട്ടി കോൺഗ്രസ്
കാർഷിക മേഖലയിലും യുവാക്കൾക്കും ഇടയിലുള്ള അസംതൃപ്തി ബിജപിക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് കോൺഗ്രസ്. ബിജെപിയുടെ രീതിയോടു വിയോജിപ്പുള്ള ചെറുകക്ഷികളെയെല്ലാം ചേർത്തുനിർത്തി സംസ്ഥാനതലത്തിൽ പ്രതിപക്ഷശക്തി വർധിപ്പിക്കുമെന്നും എംപിസിസി അധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു.
നാരായൺ റാണെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി, ബഹുജൻ വികാസ് അഗാഡി, സമാജ്‌വാദി പാർട്ടി, ബിഎസ്പി, സ്വാഭിമാനി ഷേത്കാരി സംഘടന, സിപിഐ, സിപിഎം, ആർപിഐയുടെ വിവിധ വിഭാഗങ്ങൾ എന്നിങ്ങനെ ചെറുതെങ്കിലും അവരവരുടെ മേഖലകളിൽ വിജയം നിർണയിക്കാൻ ശേഷിയുള്ള െചറുപാർട്ടികളും മഹാരാഷ്ട്രയിലുണ്ട്. ഇവരെ എങ്ങനെ കോൺഗ്രസ്-എൻസിപി സഖ്യത്തിനൊപ്പം ഉറപ്പിച്ചു നിർത്തി ബിജെപിയെ മറിടകടക്കാമെന്ന് ആലോചിക്കുമെന്ന് ഉന്നത കോൺഗ്രസ് നേതാവ് സൂചിപ്പിച്ചു.