നരേന്ദ്ര മോദി അനിൽ അംബാനിയെ സഹായിച്ചെന്നു തെളിയിച്ചിരിക്കും: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണ്. എന്തുകൊണ്ടാണ് 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയത്? അംബാനിക്കായി മോദി കളവ് നടത്തി. മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു. പ്രധാനമന്ത്രിക്ക് ഒരിക്കലും ഇതിൽ നിന്ന് ഓടിയൊളിക്കാനാകില്ല. എല്ലാ പുറത്തുവരുന്ന ഒരു ദിവസമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) കണ്ടെന്നു സൂചിപ്പിച്ചാണ് സുപ്രീം കോടതിവിധി. എന്നാല്‍ വിധിയില്‍ പറയുംപോലെ ഇടപാടിന്റെ വിവരങ്ങള്‍ പിഎസി കണ്ടിട്ടില്ല. പിഎസിയുടെ അധ്യക്ഷൻ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ്. ഒരുപക്ഷേ പിഎംഓ( പ്രൈംമിനിസ്റ്റർ ഓഫിസ്) റിപ്പോർട്ട് കണ്ടിരിക്കും.– രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടുതന്നെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറെ ആരോപണങ്ങളും രാഷ്ട്രീയവിവാദങ്ങളും ഉയര്‍ന്ന റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജികള്‍ സുപ്രീകോടതി തളളിയതിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. പ്രതിരോധകരാറുകള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി. കരാര്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. കരാര്‍ നടപടികള്‍, വിമാനങ്ങളുടെ വില, ഓഫ്സെറ്റ് പങ്കാളിയെ കണ്ടെത്തിയത് എന്നിവ. കരാര്‍ നടപടികളില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.