ചുരുളഴിയാതെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: നടിയുടെ മൊഴിയില്‍ തുമ്പു തേടി പൊലീസ്

ലീന മരിയ പോൾ

കൊച്ചി∙ ബ്യൂട്ടി സലൂണിനു മുൻപിൽ വെടിവയ്പുണ്ടായ സംഭവത്തിൽ നടി ലീന മരിയ പോൾ ഇന്ന് കൊച്ചിയിലെത്തി പൊലീസിനു മൊഴിനൽകും. ഇന്നലെ എത്തണമെന്നാണ് നിർദേശിച്ചിരുന്നതെങ്കിലും തിരുവനന്തപുരത്തായിരുന്നതിനാൽ മൊഴി നൽകാനായില്ല. ഇവർക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. വെടിവയ്പ് നടന്നെന്നു പറയുന്ന ഇവരുടെ ബ്യൂട്ടി സലൂണിനു സമീപത്തു നിന്നു പെല്ലെറ്റുകൾ കണ്ടെടുത്തതായുള്ള വാർത്ത കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് സിഐ സിബി ടോം നിഷേധിച്ചിട്ടുണ്ട്. ഇതുവരെ പ്രതികളെക്കുറിച്ചുള്ള സൂചനകൾ പൊലീസിനു ലഭിച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾക്കു വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് പറയുന്നു

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ കൂട്ടാളി സുകേഷ് ചന്ദ്രശേഖർ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജയിലിൽ ആയതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ വെടിവച്ച് ഭീഷണി ഉയർത്തിയത് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹവാല സംഘങ്ങളിലേക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്നവരിലേക്കും അന്വേഷണം നീളുന്നുണ്ട്.

ഇവരുടെ മൊബൈൽ ഫോണിലേയ്ക്കു വന്നിരുന്ന കോളുകളെയും സ്ഥലത്തെ മൊബൈൽ ഫോൺ ടവറുകളെ കേന്ദ്രീകരിച്ച് സ്ഥലത്തുണ്ടായിരുന്ന തട്ടിപ്പു ബന്ധമുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ അതുമായി താരതമ്യം ചെയ്ത് പ്രതികളിലേയ്ക്ക് എത്തിച്ചേരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.

കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ 2 പേർ വെടിവച്ച ശേഷം കടന്നുകളഞ്ഞതായാണു പൊലീസിനു ലഭിച്ച വിവരം. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളിൽ വച്ച് പിസ്റ്റൾ കൊണ്ടു വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. 5 മിനിട്ടിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ബൈക്കിന്റെ നമ്പറിനായി നഗരത്തിലെ മറ്റു സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പൊലീസ് വ്യാപകമായി പരിശോധിച്ചിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒച്ച മാത്രമുണ്ടാക്കി കടന്നുകളഞ്ഞതും രവി പൂജാരിയുടെ പേര് എഴുതിയിട്ടതുമൊക്കെ നാടകമാണോയെന്നു പൊലീസ് സംശയിക്കുന്നു. ഇത്തരം ചെറിയ കേസുകളിൽ രവി പൂജാരിയുടെ സംഘം ഇടപെടാൻ ഇടയില്ലെന്നാണു പൊലീസ് കരുതുന്നത്.