ചെന്നൈ ∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസിച്ച വകയിൽ 44 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നു അപ്പോളോ ആശുപത്രി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെയാണ് ആശുപത്രി അധികൃതർ ഇക്കാര്യമറിയിച്ചത്. ആകെ 6.85 കോടി രൂപ ജയയുടെ ചികിൽസയ്ക്കായി ചെലവായി.
ഭക്ഷണത്തിനു 1.17 കോടി, ജയയെ ചികിൽസിക്കാൻ ലണ്ടനിൽ നിന്നെത്തിയ ഡോക്ടർക്ക് 92.07 ലക്ഷം രൂപ, മുറി വാടക 24.19 ലക്ഷം എന്നിങ്ങനെയാണ് ഇനംതിരിച്ചുള്ള ബിൽ. അണ്ണാ ഡിഎംകെയുടെ ചെക്കായി 6 കോടിയും മറ്റൊരു ചെക്കിൽ 41.13 ലക്ഷവും ആശുപത്രിയിൽ നൽകിയിട്ടുണ്ട്. ബാക്കി 44.56 ലക്ഷം ഇനിയും നൽകാനുണ്ട്.
2016 സെപ്റ്റംബർ 12 നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 75 ദിവസം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ഡിസംബർ 5ന് ജയലളിത അന്തരിച്ചു. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്.