രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ 2 സിപിഎം വിജയം പറയാതെ പറയുന്നത്

Cpm-rajasthan
ബല്‍വാന്‍ പൂനിയ, ഗിരിധർ ലാൽ

ഗിർധാരിലാൽ മഹിയയുടെയും ബൽവാൻ പൂനിയയുടെയും വിജയത്തിനു ചുവപ്പിന്റെ തിളക്കമാണ്. രാജസ്‌ഥാൻ നിയമസഭാ തിരഞ്ഞെുപ്പിലെ കോൺഗ്രസ് വിജയത്തിനിടയിൽ മറഞ്ഞുകിടക്കുന്നു ഈ രണ്ട്സീറ്റ് നേട്ടം. ഏറെകാലത്തിനുശേഷം ഉത്തരേന്ത്യൻ രാഷ്‌ട്രീയ ഭൂപടത്തിൽ ചെറിയൊരു ഇരിപ്പിടം ലഭിച്ചതിന്റെ തലയെടുപ്പിലാണ് സിപിഎം.

ബിക്കാനീറിലെ ദുൻഗാർഹയിൽ വിജയിച്ച ഗിർധാരിലാൽ, കോൺഗ്രസ് സ്‌ഥാനാർഥിയെ 23,896 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ഹനുമാൻഗഡ് ജില്ലയിൽ ഭാദ്രാ മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിയെയാണ് ബൽവാൻ തോൽപിച്ചത്– 23,153 വോട്ടുകൾക്ക്.

CPM Logo

ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ സ്‌ഥലമാണ് രാജസ്‌ഥാനിലെ ചുരു. 2017 ജൂണിൽ ഇവിടെ താപനില ഏകദേശം 50 ഡിഗ്രിയോട് അടുത്തിരുന്നു. ഇതേ ചുരു ഉൾപ്പെടുന്ന മേഖലയിൽ നിന്ന് ഇക്കുറി രാജസ്‌ഥാൻ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസോ, ബിജെപിയോ മറ്റ് പ്രാദേശിക പാർട്ടികളോ അല്ലായിരുന്നു. തിളച്ചുപൊന്തുന്ന കർഷകരോഷം സൃഷ്‌ടിച്ച ജീവിതപ്രതിസന്ധിയുടെ ചൂടും ചൂരുമാണ് ചുരുവിലെ തിരഞ്ഞെടുപ്പ് ഫലം നിശ്‌ചയിച്ചത്.

200 സീറ്റുള്ള ഒരു സംസ്‌ഥാന നിയമസഭയിലെ 199 മണ്ഡലങ്ങളിൽ നിന്നു രണ്ടു സീറ്റിൽ നേടുന്ന വിജയം ഒന്നുമല്ല. എന്നാൽ ആ രണ്ടു സീറ്റുകൾക്കടിയിൽ ചില സൂചനകൾ ഒളിഞ്ഞിരിപ്പുണ്ട്.

രാജസ്‌ഥാനിൽ നിന്നാണ് കഴിഞ്ഞ വർഷം കർഷകസമരം മുളപൊട്ടിയത്. കർഷകപ്രശ്‌നം ഏറ്റെടുക്കുന്നതിൽ ഇടതുപക്ഷവും കിസാൻ സഭയും സിപിഎമ്മും ഇവിടെ നിർണായക പങ്കുവഹിച്ചു. ഇതിനുശേഷമാണ് മഹാരാഷ്‌ട്രയിലേക്കും ന്യൂഡൽഹിയിലേക്കും കർഷകസമരം വ്യാപിച്ചത്.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ഇല്ലാതിരുന്ന സ്‌ഥാനത്താണ് ഇക്കുറി സിപിഎമ്മിന് രാജസ്‌ഥാനിൽ രണ്ടു സീറ്റ് ലഭിച്ചത്. എന്നാൽ 2008 ൽ മൂന്നു സീറ്റ് ഉണ്ടായിരുന്നു എന്നതും മറക്കരുത്.

രാഷ്‌ട്രീയ–സാമുദായിക തരംഗങ്ങൾക്കുപരി കർഷവികാരവും ജലം പോലെയുള്ള ജീവന്മരണപ്രശ്‌നങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യൻ രാഷ്‌ട്രീയത്തെ എങ്ങനെ കുഴച്ചുമറിച്ചു എന്നതിന്റെ പ്രതിഫലനമാണ് ഗിർധാരിലാൽ മഹിയയുടെയും ബൽവാൻ പൂനിയയുടെയും വിജയം. രണ്ട് മണ്ഡലങ്ങളിൽ സിപിഎം രണ്ടാമതെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 1.5 ലക്ഷത്തോളം വോട്ട് കൂടുതലാണെന്ന് കണക്കുകൾ പറയുന്നു.

രാജ്യത്തെ കർഷകർ ഹൃദയാശങ്കയോടെ തള്ളിത്തുറന്ന വാതിലുകളാണ് രാജസ്‌ഥാനിൽ സിപിഎം നേടിയ ആ രണ്ടു സീറ്റുകൾ. സിപിഎമ്മിനെ പുകഴ്‌ത്താനോ ബിജെപി, കോൺഗ്രസ് തുടങ്ങിയ വലിയ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളെ കുറച്ചുകാണാനോ അല്ല ഈ കുറിപ്പ്.

എത്ര അരാഷ്‌ട്രീയമാക്കാൻ ശ്രമിച്ചാലും കർഷകരെ ചുറ്റിപ്പറ്റിയുള്ള കുറിപ്പെഴുത്തുകളിൽ ചില രാഷ്‌ട്രീയം കലരുന്നതായി തോന്നാം. ക്ഷമിക്കുക. ഇത് കർഷകർക്കുവേണ്ടിയുള്ള, ജലത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള, ജീവനുവേണ്ടിയുള്ള, വരും തലമുറയ്‌ക്കു വേണ്ടിയുള്ള, നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ള വരികളാണ്.

വിളകൾക്ക് ന്യായവിലയും കാർഷിക വായ്‌പകൾക്ക് ഇളവും ആവശ്യപ്പെട്ട് കർഷക സമരം ആരംഭിക്കുന്നത് രാജസ്‌ഥാനിലെ സികാർ ജില്ലയിൽ നിന്നാണ്. കർഷക സമരങ്ങൾക്കു വേരോട്ടമുള്ള മണ്ണാണ് രാജസ്‌ഥാൻ. ചിലയിടങ്ങളിൽ ഇടതുപക്ഷത്തിന് സ്വാധീനവുമുണ്ട്. എന്നാൽ മാറിയ ഇന്ത്യൻ രാഷ്‌ട്രീയമനസിനൊപ്പം അതെല്ലാം ഒലിച്ചുപോയെങ്കിലും വഴിമുട്ടിയ കർഷക രോഷത്തിനൊപ്പം പഴയ സോഷ്യലിസ്‌റ്റ് കാഴ്‌ചപ്പാടുകൾ തിരികെ വന്നിരിക്കയാണ്; ചെറിയ തോതിലെങ്കിലും.

അർധമരുഭൂസമാന ഭൂപ്രകൃതിയുള്ള സമീപജില്ലകളായ ചുരുവിലേക്കും ജുൻജുനുവിലേക്കും അത് കത്തിപ്പടർന്നു. കാൽനൂറ്റാണ്ടു നീണ്ട ഭരണത്തിനുശേഷം ത്രിപുരയിലെ ഭരണംകൂടി നഷ്‌ടപ്പെട്ടു കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സിപിഎമ്മിന് രാജസ്‌ഥാനിലെ ഈ രണ്ടു സീറ്റ് വിജയം പുനർവിചിന്തനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്.

ബംഗാളിനു ശേഷം എന്തുകൊണ്ട് ത്രിപുരയും നഷ്‌ടമായി എന്നതിനെപ്പറ്റി ചിന്തിക്കാൻ പറ്റിയ അവസരം. രാജസ്ഥാനിലെ കർഷകർ പാർട്ടിയെ പിന്തുണച്ച സാഹചര്യം വിശകലനം അർഹിക്കുന്നു. കേരളത്തിലെ സിപിഎം വിചിന്തനത്തിനു തയാറാകുമോ?

നിലപാടുകളിലെ പിടിവാശിയും മേധാവിത്ത മനോഭാവവും ഒരു ജനാധിപത്യ പാർട്ടിക്കും യോജിച്ച പ്രവർത്തന ശൈലിയല്ലെന്ന് അഞ്ചു സംസ്‌ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നമ്മെ പഠിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് കരുതപ്പെടുന്ന മാധ്യമങ്ങളെ അകറ്റി നിർത്തുന്നതും ചില കാര്യങ്ങളിലെങ്കിലും സുതാര്യത ഇല്ലാതെ പോകുന്നതും ബന്ധുനിയമനത്തിലും മറ്റും സംഭവിച്ച പാളിച്ചകളും പാഠങ്ങളാണ്.

ചില വകുപ്പുകളിൽ സ്ഥലംമാറ്റം നടക്കണമെങ്കിൽ യൂണിയനും ‘മറ്റും’ വേണ്ട സ്ഥിതി.  ജനം ഇതൊക്കെ സഹിക്കയാണെന്നു കരുതിയെങ്കിൽ തെറ്റി. തിരഞ്ഞെടുപ്പിനുള്ള അവസരം വരുമ്പോൾ അവർ പ്രതികരിക്കും. ഇത് ജനാധിപത്യ സ്വഭാവം കുറവുള്ള എല്ലാ പാർട്ടികൾക്കും ബാധകമാണ്. അതിന്റെ സൂചനകളാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

കർഷക പാർട്ടിയെന്ന നെറ്റിപ്പട്ടം കെട്ടിയവർ പോലും ജലത്തെയും പരിസ്‌ഥിതിയെയും സംബന്ധിച്ച ബഹുജനപ്രക്ഷോഭങ്ങളെ പുച്ഛിക്കുകയും കർഷകസമരവും വയൽ സംരക്ഷണ സമരവും ഉയർത്തുന്ന വികാരത്തെയും അടിച്ചമർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജസ്‌ഥാനിലെ സിപിഎം വിജയം.

പശ്‌ചിമഘട്ടത്തിന്റെ കാര്യത്തിലായാലും നെൽവയൽ സംരക്ഷണനിയമത്തിന്റെ കാര്യത്തിലായാലും കർഷകർക്കും പരിസ്‌ഥിതിക്കും ഒപ്പം നിൽക്കേണ്ടവർ ഇന്ന് എവിടെയാണ്? പ്രളയം തച്ചുടച്ചിട്ടും പശ്‌ചിമഘട്ടത്തിലെ വിശാലമായ ഒരു മേഖലയെ നിയന്ത്രണ പരിധിക്കു പുറത്തുകൊണ്ടുവരുന്നതിൽ കാട്ടുന്ന വ്യഗ്രതയെ രാഷ്‌ട്രീയ സമ്മർദമെന്നു പറഞ്ഞു രക്ഷപ്പെടാനാവുമോ? 

നദി, ജലം, നെൽവയൽ, ശുദ്ധവായു, പാറകൾ, പർവതങ്ങൾ, കായലുകൾ, തീരദേശം തുടങ്ങി പൊതു സമൂഹത്തിന് അവകാശപ്പെട്ട പരിസ്‌ഥിതി പ്രധാനമായ ഇടങ്ങൾ വരുംതലമുറയ്‌ക്കുവേണ്ടി സംരക്ഷിക്കാൻ പ്രതിജ്‌ഞാബന്ധമായ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾ പുറകോട്ടു പോകുന്നത് ആർക്കുവേണ്ടിയാണ്.

കണ്ണൂരിനുശേഷം പശ്‌ചിമഘട്ടത്തോട് ചേർന്ന് ചെറുവള്ളി എസ്‌റ്റേറ്റിൽ അഞ്ചാം വിമാനത്താവളമെന്ന മുറവിളി ഉയർന്നു കഴിഞ്ഞു. ആറന്മുളയിൽ നടക്കാതെ പോയത് ചെറുവള്ളിയിൽ എന്നതാണ് നിലപാട്. ഇവയെല്ലാം സൃഷ്‌ടിക്കാൻപോകുന്ന പാരിസ്‌ഥിതിക ആഘാതം ചർച്ച ചെയാൻ പോലും സമൂഹമെന്ന നിലയിൽ നാം മറന്നുപോകുന്നു. പിന്നെയാണ് കർഷകനും അവന്റെ പ്രശ്‌നങ്ങളും.

വരട്ടാർ വീണ്ടെടുക്കാനും നാടെങ്ങും തരിശായി കിടന്ന നെൽവയലുകളിൽ കൃഷി ഇറക്കാനും കാടുന്ന സർക്കാർ ശ്രമങ്ങളെ അഭിനന്ദിക്കാതെ തരമില്ല. പക്ഷെ പോകാൻ ഇനിയും എത്രയോ ദൂരം കിടക്കുന്നു? കേരളം പുനസൃഷ്‌ടക്കേണ്ട സമയത്ത് ചർച്ച തന്നെ വഴിമാറിപോകുന്ന സ്‌ഥിതിയായി. 

ഇടതുപക്ഷം ഉയർത്തുന്ന ചില അടിസ്‌ഥാന നന്മകളുണ്ട്. സ്‌നേഹത്തിന്റെയും പരസ്‌പര ബഹുമാനത്തിന്റെയും ക്ഷമയുടെയും കരുതലിന്റെയും ജനാധിപത്യത്തിന്റെയും മാന്യതയുടെയും രാഷ്‌ട്രീയം. കേരളത്തിലെ പാർട്ടിയിൽ നിന്ന് അത് ചോർന്നുപോയില്ലേ എന്നു സംശയിക്കുന്നവർ ഏറെ.

എന്നാൽ ദേശീയതലത്തിൽ ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സീതാറാം യച്ചൂരിക്കും മറ്റും കഴിയുന്നുണ്ട് എന്നതിനു തെളിവാണ് രാജസ്‌ഥാനിലെ കർഷകർ അർപ്പിച്ച വിശ്വാസം. ഇത് കേരളത്തിലേക്കും ഏറ്റെടുക്കാൻ കഴിയുമോ?

അന്നം വിളയിക്കുന്ന കർഷകനെയും പാവപ്പെട്ടവനെയും ആദിവാസിയെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അഭയാർഥികളെയും അംഗീകരിക്കുന്ന, മാനവികത വീണ്ടെടുക്കാനുള്ള അവസരമാണ് സോഷ്യലിസ്‌റ്റ്– ഇടതുപക്ഷ–ജനാധിപത്യ കക്ഷികൾക്കു മുന്നിലുള്ളത്.