മൈസൂരു∙ ചാമരാജനഗറിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പ്രസാദത്തിൽ വിഷം കലർത്തിയതു ക്ഷേത്രപൂജാരിയെന്നു പൊലീസ്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഹിമ്മാടി മഹാദേവസ്വാമിയുടെ നിർദേശപ്രകാരമായിരുന്നു നീക്കം. കേസിൽ പൂജാരി ദൊഡ്ഡയ്യ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക ചാമരാജനഗറിനു സമീപം ഹാനൂരിലെ ക്ഷേത്രത്തിൽ നിന്നു നൽകിയ പ്രസാദം കഴിച്ച് 15 പേർ മരിക്കുകയും നൂറോളം പേർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തത്. സംഭവത്തിൽ ക്ഷേത്രകമ്മിറ്റിയിലെ ഏഴ് പേർക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിരുന്നു. വെള്ളിയാഴ്ച ഗോപുരം നിർമാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ വിതരണം ചെയ്ത പുലാവിൽ വിഷം കലർത്തിയെന്നാണു നിഗമനം.