ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്: നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്

അമിത് ഷായും നരേന്ദ്ര മോദിയും. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേരളത്തിലേക്ക്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾക്കു തുടക്കം കുറിച്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമാണിത്.

അമിത് ഷായാണ് ആദ്യം കേരളത്തിലെത്തുന്നത്. ഡിസംബർ 31നു പാലക്കാട് നടക്കുന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ പങ്കെടുക്കും. ജനുവരി 6–നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കേരള സന്ദർശനം. പത്തനംതിട്ടയിൽ നടക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുക്കും. പിന്നീട് 27നു തൃശൂരിൽ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

അതേസമയം, ശബരിമല വിഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപം നടത്തുന്ന സമരം സുപ്രീം കോടതി വിധി വരുന്ന ജനുവരി 22 വരെ നീട്ടാൻ തീരുമാനിച്ചു. പ്രതിഷേധ പരിപാടികൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി. ബുധനാഴ്ച ചേർന്ന ബിജെപി കോർകമ്മിറ്റി– സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

ശ്രീധരൻ പിള്ളയ്ക്ക് വിമർശനം

ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ വിമർശനം. ആലോചനയില്ലാത്ത ഹർത്താൽ ജനവികാരം എതിരാക്കിയെന്നു ഭാരവാഹികൾ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഉണ്ടായിരുന്ന അനുകൂല അന്തരീക്ഷം ഹർത്താൽ നടത്തിയതോടെ ഇല്ലാതായി.

സമരപ്പന്തലിനു മുന്നിലുണ്ടായ ആത്മഹത്യ അസാധാരണ സംഭവമാണെന്ന് ശ്രീധരൻ പിള്ള യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിൽ ശക്തമായി പ്രതികരിക്കാതിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.