രണ്ട് ലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളി; രാജസ്ഥാനിലും വാഗ്ദാനം നടപ്പാക്കി കോൺഗ്രസ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്

ജയ്പൂർ∙ മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പിന്നാലെ രാജസ്ഥാനിലും കാർഷിക വായ്പകൾ എഴുതിത്തള്ളി കോൺഗ്രസ് സർക്കാർ. മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറമാണു സർ‌ക്കാരിന്റെ തീരുമാനം. 2 ലക്ഷം രൂപ വരെയുള്ള വായ്പകളിലാണ് ഇളവ് ലഭിക്കുക. ഇതിനായി 18,000 കോടിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കും.

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കാർഷിക വായ്പകൾ എഴുതിത്തള്ളിയതായി അതത് സർ‌ക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു തീരുമാനം. രാജസ്ഥാനിലും കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് നേതൃത്വം നേരത്തേ അറിയിച്ചിരുന്നു.

കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താൻ മറ്റു പ്രതിപക്ഷ കക്ഷികളുമായി കൈകോർത്തു കോൺഗ്രസ് നീങ്ങും. മോദി ഇതു നടപ്പാക്കുന്നില്ലെങ്കിൽ 2019ൽ അധികാരത്തിലേറ്റിയാൽ തങ്ങൾ കടങ്ങൾ എഴുതിത്തള്ളുമെന്നും രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ നേരിട്ടു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു രാഹുൽ കർശന നിർദേശമാണു നൽകിയിട്ടുള്ളത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെയും കാർഷിക വായ്പകൾ ഉയർത്തിക്കാട്ടി നേരിടാനാകും കോൺഗ്രസ് ലക്ഷ്യമിടുക.