തന്ത്രങ്ങൾ ഫലം കണ്ടെന്നു വിലയിരുത്തൽ; അമേഠിയിൽ ക്ഷേത്രനവീകരണത്തിന് രാഹുൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സ്വന്തം ലോക്സഭാ മണ്ഡ‍ലമായ അമേഠിയിൽ ക്ഷേത്രങ്ങള്‍ നവീകരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എംപിയുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് ഉപയോഗിച്ചു നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണു തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ നടത്തിയ ക്ഷേത്ര സന്ദർശനങ്ങൾ ബിജെപിയെ മറികടക്കുന്നതിന് സഹായിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.

അമേഠിയിലെ കാളികൻ ദേവി സംഗ്രംപൂർ, ഗൗരിഗഞ്ച് ദുര്‍ഗാക്ഷേത്രം, ഷാഗർ ഭവാനി ക്ഷേത്രം എന്നിവിടങ്ങള്‍ ഉൾപ്പെടെ 13 ക്ഷേത്രങ്ങളിൽ രാഹുൽ ഹൈമാസ്റ്റ് സോളർ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സൗന്ദര്യവല്‍ക്കരണത്തിനു പുറമേ ഹാർമോണിയം, ഡോലക്, മഞ്ജീര തുടങ്ങിയ സംഗീത ഉപകരണങ്ങളും ക്ഷേത്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. മേളകള്‍ നടക്കുന്ന ഇടങ്ങളിൽ പൊതുജനങ്ങള്‍ക്കായി കുടിവെള്ളവും വിതരണം ചെയ്യുമെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അതേസമയം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി രാജ്യമാകെ ധരം സഭകൾ രൂപീകരിച്ചതിൽ രാഹുൽ അസ്വസ്ഥനാണെന്ന് ബിജെപി പ്രതികരിച്ചു. അതുകൊണ്ടാണ് അമേഠിയിൽ ക്ഷേത്രങ്ങൾ നവീകരിക്കുകയും ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യുന്നത്. ചെയ്യുന്നതു നല്ല കാര്യമാണെങ്കിലും രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലെന്നും പ്രാദേശിക ബിജെപി നേതാവ് ഉമാശങ്കർ പാണ്ഡെ ആരോപിച്ചു.

കൈലാസ് മാനസരോവർ യാത്രയ്ക്കുശേഷം സെപ്റ്റംബറിൽ അമേഠി സന്ദർശിച്ചപ്പോൾ ‘ഹര ഹര മഹാദേവ്’ വിളികളോടെയാണ് ശിവഭക്തര്‍ രാഹുലിനെ സ്വീകരിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും രാഹുൽ ഗാന്ധി ക്ഷേത്രസന്ദര്‍ശനത്തിൽ സജീവമായിരുന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ നിലവിലെ കേന്ദ്രമന്ത്രി സമൃതി ഇറാനിയാണ് രാഹുലിനോട് അമേഠിയിൽ പരാജയപ്പെട്ടത്. തോറ്റെങ്കിലും അമേഠിയിൽ ബിജെപിയെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് സ്മൃതി ഇറാനി.