ബിഹാറിലും കോണ്‍ഗ്രസിനു കരുത്തായി മഹാസഖ്യം; ഉപേന്ദ്ര ഖുഷ്​വാഹ പ്രതിപക്ഷത്തിനൊപ്പം

ന്യൂഡല്‍ഹി∙ ബിഹാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം രൂപീകരിച്ചു. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അഹമ്മദ് പട്ടേല്‍, ശരദ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ച ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര  ഖുഷ്​വാഹയും സന്നിഹിതനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ വിഢ്ഡികളാക്കിയെന്നു തേജസ്വി യാദവ് പറഞ്ഞു. 

കോണ്‍ഗ്രസിനു പുറമെ ആര്‍ജെഡി, ആര്‍എല്‍എസ്പി (ഉപേന്ദ്ര  ഖുഷ്​വാഹ), എച്ച്എഎം (ജീതന്‍ റാം മാഞ്ചി), ലോക്താന്ത്രിക് ജനതാദള്‍ (ശരദ് യാദവ്) എന്നീ പാര്‍ട്ടികളാണ് പ്രതിപക്ഷ നിരയില്‍ അണിനിരക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചകളിലാണു സഖ്യ ധാരണ രൂപപ്പെട്ടത്. കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ച ഖുഷ്വാഹ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ബിഹാറിലും സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞതു കോണ്‍ഗ്രസിനു കരുത്താകും. ഉപേന്ദ്ര  ഖുഷ്​വാഹയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ ആറു ശതമാനത്തോളം വോട്ടുണ്ട്.