സിരകളിൽ തീപടർത്തും ഐസ് മെത്ത്; അടിമയാക്കും ഒറ്റ ഉപയോഗത്തിൽ

methamphetamine

കൊച്ചി∙ കൊച്ചിയിൽ പിടികൂടിയ മയക്കു മരുന്ന് ഐസ് മെത്ത്(മെതാംഫെറ്റമീൻ) ആദ്യ ഉപയോഗത്തിൽ തന്നെ അടിമയാക്കാൻ ശേഷിയുള്ള ഉണർത്തു മരുന്നെന്ന് വിദഗ്ധർ. ഉപയോഗിച്ചാൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഉണർവു നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഉപയോഗിക്കുന്നതെന്നാണ് വിവരം.

നീലച്ചിത്ര നിർ‍മാണ മേഖലയിൽ പുരുഷൻമാരും ഉദ്ധാരണ ശേഷി വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഉപയോഗിക്കുന്ന മരുന്നായാണ് ഐസ് മെത്ത് അറിയപ്പെടുന്നത്. പാർട്ടികളിൽ കൂടുതൽ സമയം ക്ഷീണം അറിയാതെ നൃത്തം ചെയ്യുന്നതിനും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്നുകളിൽ ചെറിയ അളവിൽ മെതാംഫെറ്റമിൻ ഉപയോഗിക്കാറുണ്ടെന്ന് വിദഗ്ധർ.

ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് തുടങ്ങിയ ഓമനപ്പേരുകളിലും ഇത് അറിയപ്പെടുന്നു. പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമെല്ലാം ഉപയോഗിക്കുന്ന മെത്ത് ആത്മവിശ്വാസം വർധിപ്പിക്കുകയും ശരീരത്തെ കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്യുമത്രെ.

കേരളത്തിൽ അധികമൊന്നും പിടികൂടിയിട്ടില്ലെങ്കിലും ഇതിന്റെ മൂലരൂപം നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങൾ മാത്രമാണ് വില. എന്നാൽ രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് കോടികൾ വിലവരും. ഇതു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഐസ് മെത്തുമായി ചെന്നൈ സ്വദേശി കൊച്ചിയിലെത്തിയതും പൊലീസിന്റെ വലയിലായതും. 

Drugs

തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ഡാൻസിങ്ങിനും സഹായിക്കുന്ന മെത് പരിധിവിട്ടാൽ ഉപയോഗിക്കുമ്പോൾ തന്നെ അപകടവുമുണ്ടാക്കാറുണ്ട്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മർദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.

ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്. ചൈനയിലും മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽ നിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു.

ഇതോടെ കനത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണ് ചെടിയുടെ ഉൽപാദനവും ഉപയോഗവും എല്ലാം. എന്നാൽ ഇന്ത്യയിൽ ചെടിയിൽ നിന്നുള്ള മരുന്നിനു പകരം കെമിക്കൽ നിർമാണം വഴിയാണ് മെത്ത് ഉൽപാദിപ്പിക്കുന്നത്.

2014 ലും 2015 ലും നെടുമ്പാശേരി വിമനാത്താവളത്തിൽ നിന്നു മെത്ത് നിർമിക്കുന്നതിനുപയോഗിക്കുന്ന എഫ്രഡിൻ പിടികൂടിയിരുന്നു. 2014 ൽ 20 കിലോയും 2015 ൽ 14 കിലോയുമാണ് പിടിച്ചെടുത്തത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിലും ചെരിപ്പുകളിലും ഒളിപ്പിച്ചാണ് 2014ൽ മരുന്ന് എത്തിച്ചിരുന്നതെങ്കിൽ തൊട്ടടുത്ത വർഷം ട്രോളികളിലുണ്ടാക്കിയ പ്രത്യേക അറകളിൽ നിറച്ച് കടത്താനായിരുന്നു ശ്രമം.

കൊച്ചി വഴി വിദേശത്തേയ്ക്ക് കടത്താനാണ് പദ്ധതിയിട്ടിരുന്നത്. പൊലീസ് അന്വേഷണം കാരിയർമാരിനിന്ന് ലഹരി മരുന്നു എത്തിക്കുന്ന സംഘത്തിലേയ്ക്ക് എത്താനാവാത്തതാണ് പ്രധാന പ്രതിസന്ധി.