കെ.എം.ഷാജി എംഎൽഎയെ വീണ്ടും അയോഗ്യനാക്കി ഹൈക്കോടതി; താൽക്കാലിക സ്റ്റേ

കെ.എം.ഷാജി

കൊച്ചി∙ കെ.എം.ഷാജിയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണു വീണ്ടും അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ ഉത്തരവ് പോലെ തന്നെ 6 വര്‍ഷത്തേക്ക് ആണ് അയോഗ്യത. പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി വിധിക്കു താൽക്കാലിക സ്റ്റേ അനുവദിച്ചു. 

അതേസമയം ആദ്യ ഹർജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുൻ എസ്‌ഐക്കെതിരെ കെ.എം.ഷാജി നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അയോഗ്യത കൽപിക്കാൻ ഇടയായ വർഗീയ പരാമർശമുള്ള നോട്ടിസ് യുഡിഎഫ് കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്ഐയുടെ മൊഴി. എന്നാൽ പിറ്റേന്ന് സിപിഎം പ്രവർത്തകൻ സ്റ്റേഷനിൽ എത്തിച്ചുനൽകിയതാണെന്നു കാണിക്കുന്ന രേഖ സഹിതമാണു ഷാജിയുടെ ഹർജി.