തക്കംനോക്കി വിഷം ചേർത്തു; അറിയാത്തപോലെ ചികിൽസ തേടി: പൂജാരി കുടുങ്ങിയത് ഇങ്ങനെ

ബെംഗളൂരു ∙ ചാമരാജനഗര്‍ സുല്‍വഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില്‍ മുന്‍ പൂജാരി ദൊഡ്ഡയ്യ 15 കുപ്പി കീടനാശിനി ചേര്‍ത്തിരുന്നുവെന്നു പൊലീസ്. ഈ പ്രസാദം കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധ മൂലം 15 പേരാണു മരിച്ചത്. 120 പേരോളം ആശുപത്രിയില്‍ കഴിയുകയാണ്. ദൊഡ്ഡയ്യയെയും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു സഹായികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ക്ഷേത്രത്തില്‍ നിര്‍മിച്ച പുലാവിലാണു കീടനാശിനി ചേര്‍ത്തത്. പാചകക്കാരെ തന്ത്രപൂര്‍വം ഒഴിവാക്കിയ ശേഷമാണ് ദൊഡ്ഡയ്യയും കൂട്ടുകാരനും ഓര്‍ഗാനോ ഫോസ്‌ഫേറ്റ് പ്രസാദത്തില്‍ കലര്‍ത്തിയത്. പാചകക്കാര്‍ തിരികെയെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടെങ്കിലും കര്‍പ്പൂരത്തിന്റെ മണമാണെന്ന് ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പുലാവില്‍ കീടനാശിനി കലര്‍ത്തിയതു ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദേശ പ്രകാരമാണിതെന്നു ദൊഡ്ഡയ്യ സമ്മതിച്ചു.

നേരത്തേ മാരമ്മ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ദൊഡ്ഡയ്യയെ കഞ്ചാവു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജനുവരിയില്‍ പിരിച്ചുവിട്ടിരുന്നു. പിന്നീട് സമീപ ഗ്രാമത്തിലെ നാഗര്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ ദൊഡ്ഡയ്യയെ മഹാദേവസ്വാമി വിളിച്ചു വരുത്തുകയായിരുന്നു. ക്ഷേത്ര ഗോപുര നിര്‍മാണവുമായി ബന്ധപ്പെട്ട് മഹാദേവസ്വാമിക്കു ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയാണു ക്രൂരതയ്ക്കു പിന്നിലെന്ന് ഐജി ശരത് ചന്ദ്ര വിശദീകരിച്ചു. ദൊഡ്ഡയ്യയ്ക്കും മഹാദേവസ്വാമിക്കും പുറമേ ക്ഷേത്ര സെക്രട്ടറി മാതേഷ്, ഭാര്യ അംബിക എന്നിവരെയും പ്രതികളാക്കി രാമപുര പൊലീസ് പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

എല്ലാം കരുതിക്കൂട്ടി

പുലാവ് പാകം ചെയ്യുന്ന വെള്ളത്തില്‍ കീടനാശിനി കലര്‍ത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതിനായി കൃഷി ഓഫിസില്‍ നിന്ന് ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ഗണത്തില്‍ പെടുന്ന കീടനാശിനി ശേഖരിച്ചത് അംബികയായിരുന്നു. കഴിഞ്ഞ 14ന് രാവിലെ ദൊഡ്ഡയ്യ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും പുലാവ് പാകം ചെയ്തിരുന്നു. പിന്നീട് മുഖ്യ പാചകക്കാരനായ പുട്ടസ്വാമി കുളിക്കാന്‍ പോയ നേരം നോക്കി ഇതില്‍ കീടനാശിനി ചേര്‍ത്തു. പുട്ടസ്വാമി തിരിച്ചെത്തയപ്പോള്‍ ഭക്ഷണത്തിലെ അസാധാരണ ഗന്ധം ശ്രദ്ധിച്ചിരുന്നു. മസാല കൂടിപ്പോയതാണെന്നു വിചാരിച്ചതായി ഇയാള്‍ പൊലീസിനോടു പറഞ്ഞു.

ഗൂഢാലോചന പൊളിച്ചത് ദൊഡ്ഡയ്യയുടെ അറസ്റ്റ്

ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടില്‍ മൈസൂരു കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദൊഡ്ഡയ്യയെ കസ്റ്റഡിയില്‍ എടുത്തതോടെയാണു ഗൂഢാലോചന പുറത്തായത്. ആശുപത്രിയില്‍ മറ്റുള്ളവര്‍ക്കൊപ്പം അഡ്മിറ്റായ ദൊഡ്ഡയ്യയുടെ രക്തസാംപിളുകളില്‍ ഓര്‍ഗാനോ ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്താത്തതാണു സംശയം വര്‍ധിപ്പിച്ചത്. തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ്. ട്രസ്റ്റ് ട്രഷറര്‍ നീലകണ്ഠ ശിവചാര്യയുടെ നേതൃത്വത്തിലുള്ള മറു ഭാഗത്തെ തോജോവധം ചെയ്യുന്നതിന്റെ ഭാഗമായാണു ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി.

ക്ഷേത്രത്തിന്റെ പണം മഹാദേവസ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന് ട്രസ്റ്റ് ട്രഷററുടെ വിഭാഗം നേരത്തേ ആരോപിച്ചിരുന്നു. 2017 ഏപ്രില്‍ വരെ മഹാദേവസ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വന്‍ വരുമാനമാണു ക്ഷേത്രത്തില്‍നിന്നു ലഭിച്ചിരുന്നത്. തുടര്‍ന്ന് വിശ്വാസികളുടെയും ഗ്രാമവാസികളുടെയും നേതൃത്വത്തില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ വരുമാനം നിലച്ച മഹാദേവസ്വാമി ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നീക്കമാണു ദുരന്തത്തില്‍ കലാശിച്ചത്. 

ഒക്‌ടോബറില്‍ ക്ഷേത്രഗോപുരം നിര്‍മിക്കാന്‍ ട്രസ്റ്റ് തീരുമാനമെടുത്തു. ഇതിനായി മഹാദേവസ്വാമി സമര്‍പ്പിച്ച ഒന്നരക്കോടി രൂപയുടെ പ്ലാന്‍ ട്രസ്റ്റ് അംഗീകരിച്ചില്ല. പകരം 75 ലക്ഷം രൂപയുടെ പദ്ധതിയുമായി ട്രസ്റ്റ് മുന്നോട്ടുപോയി. ഡിസംബര്‍ 14-ന് ഗോപുരനിര്‍മാണത്തിന്റെ തുടക്കം കുറിക്കുന്ന ചടങ്ങിനിടെയാണ് മഹാദേവസ്വാമി, ദൊഡ്ഡയ്യയെയും സംഘത്തെയും കൂട്ടുപിടിച്ച് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തി ഭക്തര്‍ക്കു നല്‍കിയത്.