ബേക്കറി ജീവനക്കാരിയും കോക് കാനും; 28 വർഷത്തിനു ശേഷം ഒരു കേസ് തെളിഞ്ഞ കഥ

മാൻഡി സ്െറ്റവിക്ക് ( അന്വേഷണ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം)

വാഷിങ്ടൻ∙ 2017 ഓഗസ്റ്റിൽ വാഷിങ്ടനിലെ നോർത്ത് ബെല്ലിങാം റോഡിലുള്ള ഫ്രാൻസ് ബേക്കറിക്കു മുൻപിലൂടെ പൊലീസ് റോന്തു ചുറ്റുമ്പോൾ അവിടുത്തെ ജീവനക്കാരിയായ അലീനയുടെ (യഥാർത്ഥ നാമമല്ല) ഉള്ളിൽ ഭയമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും പൊലീസ് യൂണിഫോം കാണുമ്പോൾ അറിയാതെ ഒരു ഭയം അവരുടെ ഉള്ളിലേക്ക് ഇരച്ചുകയറും. എന്നാൽ ഒന്നര വർഷത്തിനിപ്പുറം 28 വർഷം പഴക്കമുള്ള കുപ്രസിദ്ധമായ ഒരു പീഡന കേസ് തെളിയിക്കാൻ സഹായിച്ചതിന്റെ ആത്മനിർവൃതിയിലാണ് അലീന.

2013–ലാണ് ഈ പൊലീസ് ഉദ്യോഗസ്ഥരെ അലീന ആദ്യമായി കാണുന്നത്. തിമോത്തി ബാസ് എന്ന ഡെലിവറി ട്രക്ക് ഡ്രൈവറെ അന്വേഷിച്ചുകൊണ്ടാണ് അവർ ബേക്കറിയിലേക്ക് കടന്നുവന്നത്. അലീന ജോലി ചെയ്യുന്ന ബേക്കറിയിലേക്കു വേണ്ട സാധനങ്ങൾ എത്തിച്ചുകൊടുത്തിരുന്നത് തിമോത്തിയുടെ ട്രക്കിലായിരുന്നു. എന്നാൽ അവർക്കറിയേണ്ടത് 3 പതിറ്റാണ്ടുകൾക്ക് മുൻപത്തെ അയാളുടെ വിവരങ്ങളായിരുന്നു.

1989–ൽ മാൻഡി സ്റ്റെവിക്ക് എന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തിമോത്തി ബാസ് എന്നത് അലീന അപ്പോഴാണ് അറിയുന്നത്. സ്റ്റെവിക്കിന്റെ അയൽവാസിയായ തിമോത്തി കേസിന്റെ തുടക്കം മുതൽ സംശയത്തിന്റെ നിഴലിൽ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് വാറണ്ട് നേടിയെടുക്കാൻ പൊലീസിനു സാധിച്ചിരുന്നില്ല.

നവംബർ, 1989

മൗണ്ട് ബേക്കർ ഹൈസ്കൂളിലെ ഏറ്റവും മിടുക്കരായ കുട്ടികളിൽ ഒരാളായിരുന്നു വാഷിങ്ടനിലെ വാറ്റ്കോമിൽനിന്നു എത്തിയ പതിനെട്ടുകാരി മാൻഡി സ്െറ്റവിക്. പഠനത്തിലും കായിക–സംഗീത മത്സരങ്ങളിലും സ്കൂളിന്റെ അഭിമാന താരമായിരുന്നു അവൾ. 1989–ലാണ് സ്റ്റെവിക് ഉന്നത വിദ്യാഭ്യാസത്തിനായി സെൻട്രൽ വാഷിങ്ടൻ സർവകലാശാലയിൽ ചേരുന്നത്.

പൈലറ്റ് ആകണമെന്ന സ്വപ്നവുമായാണ് അവൾ കോളജിലെത്തിയത്. എന്നാൽ അവധിക്കു തിരികെ നാട്ടിലെത്തുമ്പോൾ ഒരു ദുരന്തമാണ് തന്നെ കാത്തിരിക്കുന്നതെന്ന് അവൾ കരുതിയിട്ടുണ്ടാവില്ല. അവധിക്കിടെ ഒരു ദിവസം വൈകിട്ട് വളർത്തുനായയോടൊപ്പം ജോഗിങ്ങിനു പോയതായിരുന്നു സ്റ്റെവിക്. മണിക്കൂറുകൾക്ക് ശേഷം വളർത്തനായ തിരികെയെത്തി, എന്നാൽ സ്റ്റെവിക് വന്നില്ല.

പിന്നീട് മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് മാൻഡി സ്റ്റെവിക്കെന്ന പതിനെട്ടുകാരിയെ കുറിച്ചുള്ള വാർത്തകളായിരുന്നു. കാണാതായ രണ്ടാം ദിവസം ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റെവിക്കിന്റെ വസ്ത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. തൊട്ടടുത്ത ദിവസം, നവംബർ 27ന് സ്റ്റെവിക്കിന്റെ വീടിനു മൂന്നര മൈലുകൾക്ക് അപ്പുറമുള്ള നൂക്ക്സാക് നദിയിൽ അവളുടെ ശരീരം ഒഴുകിനടക്കുന്നത് ആളുകൾ കണ്ടു.

പിന്നീട് അന്വേഷണങ്ങൾ പലവഴിക്കായി. മുങ്ങിമരണമായിരുന്നു സ്റ്റെവിക്കിന്റേതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. എന്നാൽ തലയ്ക്കു പുറകിലെ മുറിവും ശരീരത്തിൽ ഉമിനീരിന്റെയും ബീജത്തിന്റെയും സാന്നിധ്യവും പീഡനശ്രമം നടന്നുവെന്നതിന്റെ തെളിവായി. അന്വേഷണം ഊർജിതമായി പുരോഗമിച്ചു. എന്നാൽ തെളിവുകളുടെ അഭാവം പൊലീസിനെ വലച്ചു. വർഷങ്ങൾ കഴിഞ്ഞു പോയി, പതിറ്റാണ്ടുകളും.

വഴിത്തിരിവ്...

2010–ൽ കേസിൽ സംശയമുള്ളവരുടെ ഡിഎൻഎ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി തിമോത്തി ബാസിന്റെ സമീപവും പൊലീസെത്തി. എന്നാൽ ഡിഎൻഎ പരിശോധനയ്ക്കു വിധേയനാകാൻ തിമോത്തി വിസമ്മതിച്ചു. ഇതാണ് കേസിലെ വഴിത്തിരിവ്. തിമോത്തിയെ കൂടുതൽ നിരീക്ഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത് ഈ സംഭവമാണ്.

തിമോത്തിയുടെ പശ്ചാത്തലം തേടി പൊലീസ് പലവഴിക്കും പോയി. അതാണ് അവരെ അലീന ജോലി ചെയ്യുന്ന ഫ്രാൻസ് ബേക്കറിക്കു മുൻപിലും എത്തിച്ചത്. സംഭവങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ പൊലീസിനെ സഹായിക്കാൻ അലീന തയാറായി.

സ്റ്റെവിക്കിന്റെ ശരീരത്തിൽനിന്നു ലഭിച്ച ഉമിനീരിന്റെയും ബീജത്തിന്റെയും ഡിഎൻഎ ഫലം പ്രതിയുടെ ഡിഎൻഎ പരിശോധനയുടെ ഫലവുമായി ചേരുക മാത്രമായിരുന്നു കേസ് തെളിയിക്കാനുള്ള ഏക മാർഗം. തിമോത്തിയുടെ ഡിഎൻഎ സാംപിൽ ശേഖരിക്കുന്ന ജോലിയാണ് പൊലീസ് അലീനയെ ഏൽപ്പിച്ചത്. മേലുദ്യോഗസ്ഥർ ആദ്യം എതിർത്തെങ്കിലും ഒരു നിയോഗമായി കണ്ട് അലീന ആ ഉത്തരവാദിത്വം സധൈര്യം ഏറ്റെടുത്തു.

ഒരിക്കൽ ബേക്കറിയിൽ എത്തിയ തിമോത്തി ബാസ് അലീനയുടെ കയ്യിൽനിന്ന് കോള പാനീയമായ കോക് കുടിക്കാനായി വാങ്ങിച്ചു. കുടിച്ച ശേഷം കോക്കിന്റെ കാൻ ടേബിളിൽ തന്നെ ഉപേക്ഷിച്ചു പോയി. താൻ കാത്തിരുന്നത് നിഷ്പ്രയാസം മുൻപിൽ എത്തിയത് ഒരു നിമിഷം അലീനയ്ക്കു വിശ്വസിക്കാനായില്ല. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു.

കാൻ പൊലീസിനു കൈമാറിയതും ഡിഎൻഎ പരിശോധനയിൽ സ്റ്റവിക്കിന്റെ ശരീരത്തിൽ നിന്നു ലഭിച്ച സാംപിളുകളുമായി തിമോത്തിയുടെ സംംപിളുകൾ ചേർന്നതായി അറിയിച്ചുകൊണ്ടുള്ള ഫലവും എല്ലാം. 2017 ഡിസംബ‌ർ 12ന് മാൻഡി സ്റ്റെവിക് പീഡന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിന് വഴിത്തിരിവായത് ഒരു ബേക്കറി ജീവനക്കാരിയും കോക്ക് ക്യാനും.

തുടരുന്ന അനിശ്ചിതത്വം

അനധികൃത മാർഗത്തിലൂടെയാണ് പൊലീസ് പ്രതിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചതെന്ന വാദം കോടതിയിൽ പ്രോസിക്യൂഷന് തിരിച്ചടിയായി. അന്യായമായ മാർഗത്തിലൂടെ കേസ് തെളിയിക്കാൻ ശ്രമിച്ചതിനാൽ തിമോത്തിയുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തള്ളിക്കളയണമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

എന്നാൽ നിയമം നടപ്പിലാക്കുന്നതിനായി ഏതു മാർഗവും സ്വീകരിക്കാമെന്നാണ് കോടതിയിൽ പൊലീസ് എടുത്ത നിലപാട്. കേസിൽ ഇതുവരെയും വാദം തുടങ്ങാൻ സാധിച്ചിട്ടില്ല. ഒരു വർഷമായി തിമോത്തി ബാസ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. എങ്കിലും അലീന സന്തോഷത്തിലാണ്, അതിനേക്കാൾ ഉപരി ഒരു കടമ നിറവേറ്റാൻ സാധിച്ചതിന്റെ നിർവൃതിയിലും.