തിരുവനന്തപുരം∙ വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണു പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. വനിതാമതിലിനെക്കുറിച്ചു പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണു സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചത്.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരസ്യമായ രേഖയാണ്. ആര്‍ക്കും അതു പരിശോധിക്കാവുന്നതേയുളളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 50 കോടി രൂപ വനിതാമതിലിന് ചെലവഴിക്കുമെന്നോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണു പരിപാടി നടത്തുന്നതെന്നോ പറഞ്ഞിട്ടില്ല. മാത്രമല്ല, വനിതാമതിലിന്‍റെ സംഘാടനത്തിന് സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്നു വ്യക്തമാക്കുന്നുമുണ്ട്.
എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും 2018-ലെ ബജറ്റ് പ്രസംഗത്തിലും സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണു വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നു വിശദീകരിക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയദുരിതാശ്വാസത്തിന് ഉള്‍പ്പെടെയുളള ഫണ്ടുകള്‍ വകമാറ്റി ഇക്കാര്യത്തിന് ചെലവഴിക്കുന്നു എന്നുള്ള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, വനിതാമതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണെന്നും 50 കോടി രൂപ അതിനു ചെലവാക്കുമെന്നും മറ്റും വാര്‍ത്ത നല്‍കുന്നതു തീര്‍ത്തും ദുരുദ്ദേശ്യപരമാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ക്ക് 50 കോടി രൂപ വകയിരുത്തുന്നത് 2018 ഫെബ്രുവരി 2-ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പറഞ്ഞിട്ടുള്ളത്. ഈ അമ്പതു കോടിയില്‍ ഒരു പൈസ പോലും വനിതാമതില്‍ സംഘാടനത്തിനു ചെലവഴിക്കില്ല.
സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായിത്തന്നെയാണു വനിതാമതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനവും. അതുകൊണ്ടാണു സാമൂഹ്യസംഘടകളുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയത്. വനിതാമതില്‍ സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നു നേരത്തേ വ്യക്തമാക്കിയതാണ്. വനിതാമതില്‍ സംബന്ധിച്ചു സര്‍ക്കാരിന്‍റെ നിലപാടുകള്‍ പൊതുവില്‍ ഹൈക്കോടതി ശരിവച്ചിരിക്കുന്നു. ഡിസംബർ 20ലെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാണ്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കണക്കിലെടുത്തുകൊണ്ടാണു നയപരമായ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നു കോടതി പറഞ്ഞത്. പരിപാടിയുടെ സംഘാടനത്തിനു സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.