ബംഗാളിലെ രഥയാത്ര തുടക്കത്തിലേ പാളി; സുപ്രീംകോടതി കയറാന്‍ ബിജെപി

നരേന്ദ്രമോദി, അമിത് ഷാ

ന്യൂഡൽഹി∙ ബംഗാളിൽ രഥയാത്ര നടത്തുന്ന കാര്യത്തിൽ കൽക്കട്ട ഹൈക്കോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ ബിജെപി സുപ്രീം കോടതിയിലേക്ക്. വിധിക്കെതിരെ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച് കൊൽക്കത്തയിൽ സംഗമിക്കുന്ന രീതിയിലായിരുന്നു ബിജെപി യാത്രകൾ ആസൂത്രണം ചെയ്തിരുന്നത്.

സംസ്ഥാനത്തു വർഗീയ ലഹളകൾ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിച്ച ബിജെപിക്ക് അനുകൂലമായി സിംഗിള്‍ ജഡ്ജ് ബെഞ്ച് വിധിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഡിവിഷൻ ബെഞ്ച് അനുമതി റദ്ദാക്കി. ഭരണകൂടം സമർപ്പിച്ച  വിവരങ്ങളെല്ലാം പരിശോധിച്ചു വേണം അനുമതി നൽകേണ്ടതെന്നും കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ ബിജെപി തീരുമാനിച്ചത്.

കോടതി വിധി ആദ്യഘട്ടത്തിൽ അനുകൂലമായതോടെ ബിജെപി റാലിക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയിരുന്നു. അതിനിടെയാണ് വീണ്ടും അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ശനിയാഴ്ച ബീർഭൂം ജില്ലയിൽനിന്ന് മൂന്ന് യാത്രകളിൽ ആദ്യത്തേതു തുടങ്ങാനായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ നിർണായക ശക്തിയാകാനാണ് ബിജെപിയുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സീറ്റുകളാണ് ബംഗാളിൽനിന്ന് ബിജെപി ലക്ഷ്യമിടുന്നത്.