തിരുവനന്തപുരം ∙ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ പരിപാടിയായി വ്യാഖ്യാനിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സ‌്ത്രീ–പുരുഷ സമത്വം ഉറപ്പാക്കുന്നതിനും സംഘടിപ്പിക്കുന്ന വനിതാ മതില്‍ മതനിരപേക്ഷതയുടെയും മസൗഹാര്‍ദത്തിന്റെയും സംഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളിലെയും എല്ലാ സമുദായങ്ങളിലെയും സമൂഹത്തിലെ വ്യത്യസ‌്ത തുറകളിലെയും ഉള്‍പ്പെടെ എല്ലാ വിഭാഗം സ‌്ത്രീകളും രംഗത്തിറങ്ങും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നുവന്ന ഒരു ആശയമാണിത‌്. അതിനു സര്‍ക്കാറും എല്‍ഡിഎഫും പിന്തുണകൊടുത്തു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ‌് അതുമായി ബന്ധപ്പെട്ടവരെ വിളിച്ചത‌്. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ ഏകീകരണത്തിനാണ‌് ആര്‍എസ‌്‌എസ‌് ശ്രമിച്ചത‌്. ഹിന്ദുത്വ ധ്രുവീകരണത്തിനു ശ്രമിക്കുമ്പോള്‍ ഹിന്ദുക്കളേയും മുസ്‍ലിം ധ്രുവീകരണത്തിനു ശ്രമിക്കുമ്പോള്‍ മുസ്‌ലിങ്ങളെയും അണിനിരത്തിത്തന്നെയാണു ചെറുത്തുതോല്‍പിക്കേണ്ടത‌്.
മതിലിന‌് സര്‍ക്കാറിന്റെ ഒരു സഹായവും തേടേണ്ടതില്ല. സ‌്ത്രീകളെ പങ്കെടുപ്പിക്കുന്നതിന‌് സര്‍ക്കാരിന്റെ ഒരു പൈസ പോലും ആവശ്യമില്ല. ശബരിമല വിഷയത്തില്‍ എന്‍എസ‌്‌എസിനു തുടക്കം മുതലേ വ്യത്യസ‌്ത നിലപാടാണ‌്. അത്തരം നിലപാട‌് സ്വീകരിക്കാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട‌്. ആര്‍എസ‌്സിന്റെ തൊഴുത്തില്‍ എന്‍എസ‌്‌എസിനെ കെട്ടാന്‍ ശ്രമിക്കുന്നതിനെ മാത്രമാണു സിപിഎം എതിര്‍ക്കുന്നത്.
മതിലിനു വര്‍ഗീയ നിറം കൊടുക്കാന്‍ ശ്രമിച്ചതു മുസ്‍ലിം ലീഗാണ‌്. ഇതിനു കോണ്‍ഗ്രസ‌് പിന്തുണ നൽകുകയായിരുന്നു. എല്ലാ ഘട്ടത്തിലും ഇത്തരം വര്‍ഗീയ നിലപാടാണ‌് കോണ്‍ഗ്രസ‌് സ്വീകരിച്ചത‌്. നവോത്ഥാന മുന്നേറ്റങ്ങളില്‍ എല്ലാ മത–സാമുദായിക വിഭാഗങ്ങളുടേയും പങ്കാളിത്തം ഉണ്ടായിട്ടുണ്ട‌്. വനിതാ മതില്‍ അതിന്റെ ഉയര്‍ന്ന രൂപമായി മാറും.
സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനകള്‍ മാത്രം 30 ലക്ഷത്തിലേറെ പേരെ മതിലില്‍ അണിനിരത്തുമെന്നാണു സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. മറ്റു സംഘടനകളും സ‌്ത്രീ സമൂഹവുമെല്ലാം ചേരുമ്പോള്‍ പങ്കാളിത്തം 40 ലക്ഷത്തിനു മുകളിലാകും. മതിലിന്റെ പ്രചരണാര്‍ഥം 15,000 കേന്ദ്രങ്ങളില്‍ വനിതാ സംഗമം നടന്നു. രണ്ടായിരത്തോളം കാല്‍നട പ്രചാരണ ജാഥകള്‍ നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.