ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥം 100 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഓഗസ്റ്റിൽ അന്തരിച്ച വാജ്പേയിയുടെ 94–ാം ജന്മവാർഷികത്തിനു മുന്നോടിയായാണു കേന്ദ്ര സർക്കാർ സ്മാരകനാണയം പുറത്തിറക്കിയത്.
എല്ലാ വിഭാഗം ആളുകളും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത നേതാവാണു വാജ്പേയ്. അദ്ദേഹം മരിച്ചെന്നു വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് തയാറല്ല. അദ്ദേഹം സ്ഥാപിച്ച ബിജെപി ഇപ്പോൾ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിലൊന്നാണ്. സമാനതകളില്ലാത്ത പ്രാസംഗികനായ വാജ്പേയിയാൽ നയിക്കപ്പെട്ട പ്രവർത്തകരും നേതാക്കളും ഭാഗ്യവാന്മാരാണ്– മോദി അനുസ്മരിച്ചു.
നാണയത്തിന്റെ ഒരുഭാഗത്ത് വാജ്പേയിയുടെ മുഖവും മറുഭാഗത്ത് അശോക സ്തംഭവും ആലേഖനം ചെയ്തിരിക്കുന്നു. ദേവനാഗരി, റോമൻ ലിപികളിൽ സത്യമേവ ജയതേ, ഭാരത്, അടൽ ബിഹാരി വാജ്പേയി എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, മഹേഷ് ശർമ, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.