കടലുയരും രണ്ടര അടിയിലേറെ; തീരങ്ങള്‍ മുങ്ങും, തെക്കന്‍ കേരളം കടുത്ത ഭീഷണിയിൽ

ന്യൂഡല്‍ഹി ∙ ആഗോളതാപനത്തിന്റെ കാഠിന്യത്തില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.

പല പ്രദേശങ്ങളും ഇതോടെ വെള്ളത്തിനടിയിലാകും. തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വന്‍ഭീഷണിയാണു നേരിടുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഉള്‍പ്പെടെ പടിഞ്ഞാന്‍ തീരമേഖല, ഗുജറാത്തിലെ കച്ച്, ഖംബത്ത്, കൊങ്കണ്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഭീഷണിയുടെ നിഴലിലാണ്. 

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസി(ഇന്‍കോയിസ്)ന്റെ പഠനം ഉദ്ധരിച്ച് പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ നദികളുടെ തീരപ്രദേശങ്ങള്‍ക്കു കടുത്ത ഭീഷണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ച്ചയായ കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം തീരപ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ വലിയതോതില്‍ ഉപ്പുവെള്ളം കലരുന്നതോടെ കടുത്ത ശുദ്ധജലക്ഷാമത്തിനും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. തീരമേഖലയിലെ ആളുകളുടെ ആവാസവ്യവസ്ഥ തന്നെ തകിടം മറിയാനുള്ള സാധ്യകളാണു മുന്നിലുള്ളത്.