‘ചൗക്കീദാർ ചോർ ഹെ’: രാഹുലിന്റെ വാക്കുകൾ കടമെടുത്ത് ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്രമോദി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ‘ചൗക്കീദാർ ചോർ ഹെ’(കാവൽക്കാരൻ കള്ളനാണ്) പരാമർശം കടമെടുത്ത് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ പന്ഥാർപൂരിൽ നടന്ന റാലിയിലായിരുന്നു ശിവസേന നേതാവിന്റെ പ്രതികരണം. റഫാൽ ഇടപാടിൽ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. സുപ്രീംകോടതി വിഷയത്തിൽ ക്ലീൻ ചിറ്റ് നല്‍കിയത് എങ്ങനെയാണെന്ന് അറിയില്ല. എന്നാൽ ജവാൻമാർക്കു ശമ്പളവർധന നൽകാൻ മോദി സർക്കാർ തയാറായില്ലെന്ന് അറിയാം –താക്കറെ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഞാൻ ഒരു കർഷകനെ കണ്ടിരുന്നു. കീടങ്ങൾ കയറി നശിച്ച ഒരു നാരങ്ങ ചെടിയാണ് അയാൾ എനിക്ക് കാണിച്ചു തന്നത്. ഇങ്ങനെയൊരു സംഭവം ജീവിതത്തിൽ ആദ്യമായിട്ടാണെന്നും കർഷകൻ പറഞ്ഞു. ദിവസങ്ങൾ മാറി. സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥർ തന്നെ സ്വയം കള്ളൻമാരായെന്നും ഞാൻ‌ അദ്ദേഹത്തോടു പറഞ്ഞു– ഉദ്ധവ് താക്കറെ വ്യക്തമാക്കി.

റഫാൽ ഇടപാടിൽ മോദി സർക്കാരിനെതിരായ വിമർശനങ്ങളില്‍ കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധി പതിവായി ഉപയോഗിച്ച പരാമർശമാണ് ചൗക്കീദാർ ചോര്‍ ഹെ. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒരു നേതാവിന്റെയും പേര് പറയാൻ ഉദ്ധവ് താക്കറെ തയാറായില്ല. 2014 ൽ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി ‘ചൗക്കീദാർ’ എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പണത്തിനും വിശ്വാസത്തിനും ചൗക്കീദാർ (കാവൽക്കാരൻ) ആയി പ്രവർത്തിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടപ്പോൾ ജനങ്ങളെ അഭിനന്ദിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ധീരമായ തീരുമാനമാണ് ജനങ്ങളുടേതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം.