ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷന്: അമിത് ഷാക്കെതിരെ ഗ‍ഡ്കരി; ബിജെപിയിൽ തുറന്ന പോര്

നിതിന്‍ ഗഡ്കരി, അമിത് ഷാ

ന്യൂഡൽഹി ∙ ബിജെപി ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും വെടിപൊട്ടിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും മോശം പ്രകടനത്തിന് ഉത്തരവാദി പാര്‍ട്ടി ദേശീയ അധ്യക്ഷനാണെന്ന് വിരല്‍ ചൂണ്ടുകയാണ് ഇത്തവണ ഗഡ്കരി ചെയ്തത്. ഒരാഴ്ച്ചയായി ഗഡ്കരിയുടെ പ്രസ്താവനകളെ ചുറ്റി വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ബിജെപിക്കകത്ത് അസ്വസ്ഥതകള്‍ പുകയുന്നതിന്‍റെ വ്യക്തമായ സൂചനകളും ഗഡ്കരിയിലൂടെ പുറത്തുവരികയാണ്.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തുന്ന പ്രസ്താവനകള്‍ ബിജെപിക്കകത്ത് കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല എന്ന് അടിവരയിടുകയാണ്. താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍ പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം തനിക്കായിരിക്കും എന്നതാണ് ഗഡ്കരിയുടെ ഏറ്റവും പുതിയ പ്രസ്താവന. ഡല്‍ഹിയില്‍ െഎബി എന്‍ഡോവ്മെന്‍റ് പ്രസംഗത്തിനിടെ നടത്തിയ ഈ പരാമര്‍ശം ലക്ഷ്യമിടുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തന്നെ. ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രകീര്‍ത്തിച്ച നിതിന്‍ ഗഡ്കരി സഹിഷ്ണുതയാണ് ഏറ്റവും വലിയ ഗുണമെന്നും മുനവെച്ച് പറഞ്ഞു.

വിജയത്തിന് ഒരുപാട് പിതാക്കന്മാരുണ്ടാകും എന്നാല്‍ തോല്‍വിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ലെന്ന് ശനിയാഴ്ച്ച പുണെയില്‍വച്ച് ഗഡ്കരി പറഞ്ഞത് ഏറെ വിവാദമായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ പരാമർശം നടത്തിയും കരാറുകാര്‍ റോഡുപണി നന്നായി ചെയ്തില്ലെങ്കില്‍ അവര്‍ക്കുമേല്‍ ബുള്‍ഡോസര്‍ കയറ്റുമെന്നു പറഞ്ഞും ഗഡ്കരി പിന്നാലെ പുലിവാലു പടിച്ചു.

ബിജെപിയില്‍ പുതിയ പടനീക്കം നടക്കുകയാണോ എന്ന സംശയത്തിന് ഏതായാലും പ്രധാനമന്ത്രി കസേര ലക്ഷ്യമിടുന്നില്ലെന്നും ഗംഗാ ശുചീകരണം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നുമാണ് ഗഡ്കരിയുടെ മറുപടി. താന്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.