തിരുവനന്തപുരം∙ പ്രതിരോധ വക്താവിനും ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാരിൽ നിന്നു രക്ഷയില്ല. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഐഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് ക്രിസ്മസ് തലേന്ന് അർധരാത്രിയിൽ 33,000 രൂപ ഒറ്റയടിക്ക് നഷ്ടമായത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്.
ഗോപ്രോ ക്യാമറ വെബ്സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാടാണ് തട്ടിപ്പുകാർ നടത്തിയത്. പണം പിൻവലിച്ചതായി സന്ദേശം എത്തിയത് രാത്രിയിലായതിനാൽ ശ്രദ്ധിച്ചില്ല.
ഇതിനു ശേഷം യുഎൻസിഎച്ച്ആർ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാടിനു ശ്രമിച്ചെങ്കിലും ഒടിപി ആവശ്യമായ വന്നതിനാൽ ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു.
വിദേശ വെബ്സൈറ്റുകളിൽ ഒടിപി ഇല്ലാതെ കാർഡ് നമ്പർ, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. ഇതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്തതെന്നാണ് സൂചന. പൊലീസില്‍ പരാതി നൽകി.