വനിതാമതിലിൽ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മിഷൻ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ വനിതാമതിലിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നു ബാലവകാശ കമ്മിഷൻ അധ്യക്ഷൻ പി.സുരേഷ്. എന്നാൽ, കൈകുഞ്ഞുങ്ങളുമായി പ്രകടനങ്ങളിൽ പങ്കെടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്കു ​ഭരണഘടന നൽകുന്ന അവകാശങ്ങളുടെയും രാജ്യാന്തര കൺവെൻഷന്റെയും ലംഘനമാണു ഹൈക്കോടതി വിധി. 1989– ലെ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച രാജ്യാന്തര കൺവെൻഷൻ തത്വങ്ങളെ പൂർണമായും നിരാകരിച്ചു. പൗരൻമാരെന്ന നിലയിൽ കുട്ടികളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണു നടത്തിയത്. വിധിക്കെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും.

കുട്ടികൾക്കു ശാരീരിക, മാനസിക ക്ലേശം ഉണ്ടാകുന്ന രീതിയിൽ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാൻ പാടില്ലെന്നാണു കമ്മിഷൻ നിലപാട്. പൊരിവെയിലത്തും കൈകുഞ്ഞുങ്ങളുമായും പരിപാടികളുടെ ഭാഗമാകരുത്. സമാധാനപരമായി നടത്തുന്ന പ്രകടനങ്ങളിൽ കുട്ടികൾക്കും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു