കൊച്ചി∙ സുരക്ഷിതമെന്നു വിശ്വസിക്കുന്ന ബാങ്ക് നിക്ഷേപം തട്ടിപ്പുകാരുടെ കൈവശമെത്താന്‍ വഴിയൊരുക്കി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൂട്ടത്തോടെ ചോരുന്നു. മലയാളികളുടേതടക്കം ആയിരക്കണക്കിനു കാര്‍ഡുകളുടെ വിവരങ്ങളാണു ഡാര്‍ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഏതു ബാങ്കിലെ വിവരങ്ങള്‍ വേണമെങ്കിലും നിസാര തുകയ്ക്കു വാങ്ങാം. അവ ഉപയോഗിച്ച് ഒടിപി നമ്പര്‍ പോലുമില്ലാതെ പണം തട്ടിയെടുക്കാനാവുമെന്ന് മനോരമ ന്യൂസ് അന്വേഷണത്തില്‍ ബോധ്യമായി.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളില്‍ ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തയാണു തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനലിന്റെ പണം നഷ്ടമായത്. ഒടിപി പോലും നല്‍കാതെയുള്ള ഇത്തരം തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. ഐടി രംഗത്തെ വിദഗ്ധരുടെയും ചില ഹാക്കര്‍മാരുടയും സഹായത്തോടെയുള്ള അന്വേഷണം ചെന്നെത്തിയത് ഓണ്‍ലൈന്‍ രംഗത്തെ രഹസ്യഇടപാടുകളുടെ സമാന്തരശൃംഖലയായ ഡാര്‍ക് നെറ്റുകളില്‍. ഞെട്ടിക്കുന്നതായിരുന്നു കാഴ്ചകള്‍. നൂറുകണക്കിന് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സ്ഥലവും ബാങ്കും കാര്‍ഡിലെ ബാലന്‍സും നോക്കി തിരഞ്ഞെടുക്കാം. ചില മലയാളികളുടെ വിവരങ്ങള്‍ ഞങ്ങള്‍ വാങ്ങി. അതില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി നമ്പര്‍, മെയില്‍ ഐഡി തുടങ്ങി ഫോണ്‍ നമ്പര്‍ വരെയുണ്ട്.
വിദേശ സൈറ്റുകളിലെ ഇടപാടിന് ഒടിപി വേണ്ടെന്നതാണ് ഈ തട്ടിപ്പിനു സഹായകമാവുന്നത്. ഇനി ഫോണ്‍ വിളിച്ച് ഒടിപി വാങ്ങി. കബളിപ്പിക്കുന്നവരുടെ ആയുധവും ഈ വിവരങ്ങള്‍ തന്നെ. അക്കൗണ്ട് ഉടമയ്ക്ക് മാത്രമറിയാവുന്ന വിവരങ്ങള്‍ ബാങ്കുകളുടെയോ മറ്റോ പ്രതിനിധിയെന്ന പേരില്‍ ഇങ്ങോട്ട് വിളിച്ച് പറയുമ്പോള്‍ പലരും വിശ്വസിക്കും. അതോടെ കെണിയിലാവുകയും ചെയ്യും.