കുട്ടികളെ കൊന്ന് പൂന്തോട്ടത്തിൽ അടക്കം ചെയ്തു; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

എൽവിൻ ക്രോക്കർ. ചിത്രം: ഫെയ്സ്ബുക്ക്

വാഷിങ്ടൻ∙ യുഎസിലെ ജോർജിയയിൽ പൂന്തോട്ടത്തിൽനിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്നു പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കർ (14), എൽവിൻ ക്രോക്കർ ജൂനിയർ(16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എൽവിൻ ക്രോക്കർ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിനു സമീപത്തെ പൂന്തോട്ടത്തിൽനിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയൽവാസിയുടെ പരാതിയെ തുടർന്ന് എൽവിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികൾ സൗത്ത് കരോലിനയിൽ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എൽവിൻ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇതു കളവാണെന്നു അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനെ തുടർന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മേരിയെ ഒക്ടോബറിലും എൽവിൻ ജൂനിയറെ 2016 നവംബറിലും കാണാതായതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച ഒരു പരാതിയും മാതാപിതാക്കൾ നൽകിയിട്ടില്ല. ഇതിനെ തുടർന്നാണ് എൻവിൻ, ഭാര്യ കാൻഡിസ് ക്രോക്കർ, കാൻഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. മരണം മറച്ചുവയ്ക്കുക, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസ്.