സവർണരുടെയും അവർണരുടെയും ആളല്ല, ജനങ്ങൾക്കൊപ്പം: ബാലകൃഷ്ണപിള്ള

കട്ടപ്പന∙ സവർണരുടെയും അവർണരുടെയും ആളല്ല താനെന്നും ജനങ്ങൾക്കൊപ്പമാണു പ്രവർത്തിക്കുന്നതെന്നും കേരള കോൺഗ്രസ്(ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പിള്ളയ്ക്കെതിരായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഎസ്എസുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. എൻഎസ്എസ് എക്കാലവും സമദൂര നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. തന്റെ പാർട്ടി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ ഇടതുപക്ഷത്തിനൊപ്പമുണ്ട്. ഇപ്പോഴുണ്ടായതു സാങ്കേതിക നടപടിക്രമം മാത്രമാണ്. വനിതാ മതിൽ സർക്കാരിന്റെ സംരംഭമാണ്. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല.

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ കസ്തൂരിരംഗൻ വിഷയത്തിൽ ഒന്നും നേടിയെടുക്കാനായില്ല. ഇപ്പോഴുണ്ടായ ഭേദഗതി എൽഡിഎഫിന്റെയും ജോയ്‌സ് ജോർജ് എംപിയുടെയും ശ്രമഫലമായാണ്. ഇതു കോൺഗ്രസിന്റെ നേട്ടമാണെന്നു പറയുന്നതു ബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയകക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷമെന്നും സ്ത്രീ വിരുദ്ധതയും സവർണ മേധാവിത്വവും ഉള്ളവർ മുന്നണിയിൽ വേണ്ടെന്നുമായിരുന്നു വിഎസിന്റെ വിമർശനം.