വനിതകൾക്കെതിരായ അക്രമങ്ങൾ വനിതകളെ മുൻനിർത്തി പ്രതിരോധിക്കാനാണ് മതിൽ: മുഖ്യമന്ത്രി

പിണറായി വിജയൻ

കണ്ണൂർ∙ വനിതാ മതിൽ സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി. വനിതാ മതിൽ എന്തിനെന്നുപോലും പ്രതിപക്ഷ നേതാവിന് അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതകൾക്കെതിരായ അക്രമങ്ങളെ വനിതകളെ മുൻനിർത്തി പ്രതിരോധിക്കാനാണ് മതിൽ. ക്രിസ്ത്യൻ– മുസ്‌ലിം വിഭാഗത്തിൽ നിന്നു മികച്ച പിന്തുണയാണ് മതിലിനു ലഭിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹൈന്ദവ സംഘടനകളെ മാത്രം പങ്കെടുപ്പിക്കുന്നതിലെ ഒൗചിത്യം സംബന്ധിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

വനിതാ മതിലിനായി ക്ഷേമപെൻഷകാരിൽ നിന്നു പിരിവു വാങ്ങിയെന്നതു ശുദ്ധനുണയാണ്. ഈ കാര്യം നേരിട്ട് അന്വേഷിച്ചു. തെളിവു ലഭിച്ചാൽ നടപടിയെടുക്കും. ക്ഷേമപെൻഷനിൽ കയ്യിട്ടുവാരുന്ന പാരമ്പര്യം കമ്യൂണിസ്റ്റുകാരുടേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്തു ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വനിതാ മതിലിന്റെ ലക്ഷ്യം എന്താണ്, ശബരിമല യുവതീപ്രവശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനു ഹൈന്ദവ സംഘടനകളെ മാത്രം സംഘടിപ്പിക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.