ലക്ഷം മലയാളികൾ ‘ഇരുട്ടിൽ’, തലയ്ക്കു മുകളിൽ തട്ടിപ്പ്: പണം നഷ്ടമായാലും തിരിച്ചെടുക്കാം

കൊച്ചി∙ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍നിന്നു രക്ഷനേടാന്‍ നിര്‍ദേശങ്ങളുമായി പൊലീസും സൈബര്‍ വിദഗ്ധരും. ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ക്കുള്ള സൗകര്യം തല്‍ക്കാലത്തേക്കെങ്കിലും റദ്ദാക്കുകയാണ് ഏറ്റവും നല്ലമാര്‍ഗമെന്നു വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പണം നഷ്ടപ്പെട്ടാലുടന്‍ പൊലീസില്‍ അറിയിച്ചാല്‍ തിരികെ നേടുന്നതിനായി ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക സംവിധാനവും പൊലീസ് പ്രവര്‍ത്തന സജ്ജമാക്കി.

ഒരു ലക്ഷത്തിലേറെ മലയാളികളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക് നെറ്റിലേക്കു ചോര്‍ന്നുവെന്ന് ഉറപ്പായതോടെ ആരുടെ പണവും ഏതു നിമിഷവും നഷ്ടമായേക്കാമെന്ന സാഹചര്യമുണ്ട്. പക്ഷെ ആശങ്കപ്പെടാതെ ജാഗ്രത പുലര്‍ത്തിയാല്‍ തട്ടിപ്പില്‍നിന്നു രക്ഷനേടാനാവും. രാജ്യാന്തര വെബ്സൈറ്റുകളിലെ ഇടപാടില്‍ മാത്രമേ ഒടിപി നല്‍കാതെ പണം തട്ടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ നടത്താനുള്ള സൗകര്യം തല്‍കാലത്തേക്കു റദ്ദാക്കുകയാണ് ഏറ്റവും സുരക്ഷിതമാര്‍ഗം. പിന്നീട് ആവശ്യമുള്ളപ്പോള്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടാല്‍ ഈ സൗകര്യം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാൻ കഴിയു‌മെന്നതിനാല്‍ നമ്മുടെ ആവശ്യങ്ങള്‍ നടക്കുകയും ചെയ്യും. ഇതിനൊപ്പം ഒടിപി ചോദിച്ച് ഒരു ബാങ്കില്‍നിന്ന് പോലും വിളിക്കില്ലെന്ന സത്യം മനസിലാക്കിയാല്‍ പണം സുരക്ഷിതമാക്കാം.

ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ചെറിയ തുകയായി നിജപ്പെടുത്തിയാല്‍ തട്ടിപ്പിന് ഇരയായാല്‍ പോലും വലിയ നഷ്ടമൊഴിവാക്കാം. പണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അതുതിരിച്ചു കിട്ടാനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കടക്കം രാജ്യത്തെ എല്ലാ ബാങ്കുകളുമായുള്ള പ്രത്യേക ഗ്രൂപ്പുണ്ട്. പണം നഷ്ടമായെന്നു സന്ദേശമെത്തി രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ പൊലീസിനെ അറിയിച്ചാല്‍ ഈ ഗ്രൂപ്പിലേക്കു കൈമാറും. തട്ടിപ്പുകാരുടെ കൈവശമെത്തും മുന്‍പ് തടയാനും തിരികെ ലഭിക്കാനും ഇത് സഹായകമായേക്കും.