കാർഡ് വിവരങ്ങൾ ചോർന്നത് ഒതുക്കി ബാങ്കുകൾ; ആർബിഐക്കു പരാതിയുമായി പൊലീസ്

പ്രതീകാത്മക ചിത്രം

കൊച്ചി∙ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക് നെറ്റിലേക്കു ചോര്‍ന്നതു ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നെന്നു പൊലീസ്. ഡാര്‍ക് നെറ്റിലെ പരിശോധനയില്‍ പല ബാങ്കുകളുടെയും വിവരങ്ങള്‍ കൂട്ടത്തോടെ ചോര്‍ന്നിരിക്കുന്നതായി സ്ഥിരീകരിച്ചു. ഡിജിറ്റല്‍ പണമിടപാടു സൈറ്റുകളുടെ ഹാക്കിങ്ങിലൂടെ വിവരങ്ങള്‍ ചോര്‍ന്നതായും സംശയിക്കുന്നതായി ഐജി മനോജ് എബ്രഹാം പറഞ്ഞു. വിവരച്ചോര്‍ച്ച സ്ഥിരീകരിച്ചതോടെ അടുത്ത വര്‍ഷത്തെ കേരള പൊലീസിന്റെ മുഖ്യ അജന്‍ഡ സൈബര്‍ സുരക്ഷയാക്കാന്‍ ഡിജിപി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനമായി.

മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ഡാര്‍ക് നെറ്റില്‍ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പല സൈറ്റുകളിലും ഒരു ബാങ്കിലെ തന്നെ പതിനായിരക്കണക്കിനു വിവരങ്ങള്‍ കൂട്ടത്തോടെ വച്ചിരിക്കുന്നതു കണ്ടെത്തി. ഇത്രയും വിവരങ്ങള്‍ ഒരുമിച്ചു ചോര്‍ന്നതിനാലാണു ബാങ്കുമായി ബന്ധപ്പെട്ടാണെന്നു പൊലീസ് ഉറപ്പിക്കുന്നത്. ചോര്‍ച്ച മനസിലാക്കിയിട്ടും ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ റിസര്‍വ് ബാങ്കിനെ പരാതി അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. മലയാളികളുടേത് അടക്കം നിരവധിപ്പേരുടെ കാർഡിന്റെ വിവരങ്ങളാണ് ഡാർക് നെറ്റിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. 

തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കാന്‍ 80% കേസിലും ബാങ്കുകള്‍ തയാറായിട്ടില്ല. ഇത്തരത്തില്‍ ഇടപാടുകാരെ കയ്യൊഴിയുന്ന ബാങ്കുകള്‍ക്കു തട്ടിപ്പില്‍ ഉത്തരം പറയാന്‍ ബാധ്യതയുണ്ടെന്നു വ്യക്തമാക്കുന്നതാണു പൊലീസിന്റെ കണ്ടെത്തല്‍. പല ബാങ്കുകളുടെ കാര്‍ഡുകള്‍ ഇടകലര്‍ത്തിയും വില്‍പ്പനയുണ്ട്. ഇതു ഡിജിറ്റല്‍ പണം ഇടപാടു നടത്തുന്ന സൈറ്റുകളില്‍നിന്നു ചോര്‍ന്നതാവാം എന്നു സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ സൈബര്‍ സുരക്ഷ ഭീഷണിയിലെന്നു സ്ഥിരീകരിച്ചതോടെയാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനു പല സംഘങ്ങള്‍ രൂപീകരിച്ച് സൈബര്‍ സുരക്ഷാവര്‍ഷം ആചരിക്കാന്‍ തീരുമാനിച്ചത്.