ആലപ്പുഴ∙ വനിതാമതിലിനു പിന്തുണയുമായി കെ.ആര്‍. ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണു ഗൗരിയമ്മയെ ക്ഷണിച്ചത്. സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നു ഗൗരിയമ്മ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണു താന്‍ വന്നതെന്ന ആമുഖത്തോടെയാണു മന്ത്രി ജി. സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞുതീരുംമുന്‍പേ താന്‍ വനിതാമതിലിനൊപ്പമുണ്ടാകുമെന്നു ഗൗരിയമ്മയുടെ മറുപടി. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിനു സമീപം എത്തിക്കാനാണു സംഘാടകരുടെ ശ്രമം.
വനിതാമതിലിനു പിന്തുണയേകിയുള്ള സന്ദേശം ഗൗരിയമ്മ സുധാകരനു കൈമാറി. പക്ഷേ, അതു വായിച്ചുതീര്‍ക്കും മുൻപേ സ്ഥലംകാലിയാക്കാന്‍ മന്ത്രിയോടും മാധ്യമപ്രവര്‍ത്തകരോടും പതിവു രീതിയില്‍ ഗൗരിയമ്മ ഒച്ചയിട്ടു.