ന്യൂഡൽഹി∙ ‘ഇതാ ആദ്യമായി ഒരു കേന്ദ്രമന്ത്രിയുടെ മകൾ പ്രതിരോധ വകുപ്പിൽ ജോലി നേടിയിരിക്കുന്നു. ഇതാണ് രാജ്യസേവനം.’ ഇത്തരത്തിൽ ഒരു കുറിപ്പും മുകളിൽ കാണിച്ചിരിക്കുന്ന ചിത്രവും നിങ്ങൾക്ക് ഏതെങ്കിലും സമൂഹമാധ്യമങ്ങൾ വഴി ലഭിച്ചാൽ രണ്ടാമതൊന്നു കൂടി ആലോചിച്ചു വായിച്ചു നോക്കുക. കാരണം അതൊരു വ്യാജവാർത്തയാണ്.
ചിത്രത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനൊപ്പം നിൽക്കുന്ന പെൺകുട്ടി മന്ത്രിയുടെ മകളല്ല. സമൂഹമാധ്യമങ്ങൾ പരത്തുന്ന വ്യാജവാർത്തകളിൽ ഒന്നു മാത്രം. നികിത വീരയ്യ എന്ന ചെറുപ്പക്കാരിയായ സൈനിക ഉദ്യോഗസ്ഥയാണു ചിത്രത്തിലുള്ളതെന്നാണു സൈനിക വൃത്തങ്ങൾ പറയുന്നത്. അതു മന്ത്രിയുടെ മകളല്ലെന്നും ഒൗദ്യോഗിക സന്ദർശനവേളയിൽ മന്ത്രിയെ സഹായികിക്കാനായി നിയോഗിച്ച യുവ സൈനിക ഉദ്യോഗസ്ഥയാണെന്നും അവർ പറയുന്നു.
ഔദ്യോഗിക രേഖകൾ പ്രകാരം വാങ്മയി എന്നാണ് നിർമല സീതാരാമന്റെ മകളുടെ പേര്. മകൾക്കൊപ്പമുള്ള മന്ത്രിയുടെ മറ്റു വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചാൽ ഇൗ ചിത്രത്തിലുള്ളതു മന്ത്രിപുത്രിയല്ലെന്നു നിസ്സംശയം മനസ്സിലാക്കാം. ബിജെപി അനുകൂല ഫെയ്സ്ബുക്ക് പേജുകളിലൂടെയാണു വ്യാജ വിവരം സഹിതം ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.