കോഴിക്കോട്∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി ചെയ്തത് അന്തസ്സില്ലാത്ത പണിയാണ്. ഇരുട്ടിന്റെ മറവിൽ ആക്ടിവിസ്റ്റുകളെ കയറ്റിവിട്ട് സംതൃപ്തി അടയാന്‍ മനോരോഗികള്‍ക്കേ കഴിയൂ. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കും – സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ സുരേന്ദ്രൻ വ്യക്തമാക്കി.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:
പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തിൽ പറഞ്ഞാൽ ഭീരുക്കൾക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാൻ മനോരോഗമുള്ളയൊരാൾക്കുമാത്രമേ കഴിയൂ. താങ്കളോടു വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോൾ തീർത്തും സഹതാപം തോന്നുന്നു താങ്കളോട്. ലജ്ജിക്കുന്നു പിണറായി വിജയൻ താങ്കളെയോർത്ത്. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യും.