പത്തനംതിട്ട ∙ പുതുവർഷം പിറന്നതോടെ കേരളം തണുപ്പിന്റെയും കുളിരിന്റെയും പുതപ്പിനടിയിലേക്ക്. സംസ്ഥാനത്ത് സമതല പ്രദേശങ്ങളിൽ ഏറ്റവും കുറവു താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്– 19 ഡിഗ്രി. പത്തനംതിട്ടയിലും ശബരിമലയിലും താപനില 21 ഡിഗ്രിയായി താണു. എന്നാൽ മൂന്നാർ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രി വരെയായി താണു.
ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയാതും സൂചനയുണ്ട്. ഊട്ടിയിലും കൊടൈനക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ് ഇന്നലത്തെ തണുപ്പ്. ഭൂനിരപ്പിൽ പലയിടത്തും രാവിലെ മഞ്ഞ് നേർത്ത ആവരണം പുതച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില: കോട്ടയം (19 ഡിഗ്രി), , കൊച്ചി രാജ്യാന്തര വിമാനത്താവളം, കരിപ്പൂർ (20), പുനലൂർ, ആലപ്പുഴ, തൃശൂർ (21), തിരുവനന്തപുരം (22). കൂടിയ താപനിലയും 34 ഡിഗ്രി കോഴിക്കോട്ട് രേഖപ്പെടുത്തി.
മഴ മേഘങ്ങൾ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് മറനീക്കി പുറത്തെത്തിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി.
അതേ സമയം ആൻഡമാൻ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്ന ന്യൂനമർദം കേരളത്തിൽ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.
തണുപ്പേറി ഡൽഹി
കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മൂന്നാമത്തെ ഡിസംബർ മാസമാണ് ഇതെന്ന് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. 6.7 ഡിഗ്രിയാണ് ഇപ്പോഴത്തെ ശരാശരി താപനില. 1996, 2005 എന്നീ വർഷങ്ങളിലാണ് ഇതിനു മുമ്പ് ഡിസംബർ താപനില 5 ഡിഗ്രിയായി കുറഞ്ഞത്. 1930 ഡിസംബർ 27 ന് രേഖപ്പെടുത്തിയ പൂജ്യം ഡിഗ്രിയാണ് ന്യൂഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.