കന്നഡ സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ബെംഗളൂരു∙ പ്രമുഖ കന്നഡ സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. കന്നഡ സിനിമാ താരങ്ങളായ ശിവ രാജ്കുമാർ, പുനീത് രാജ്കുമാർ, സുദീപ്, യാഷ്, നിർമാതാവ് റോക്‌‍ലൈൻ വെങ്കടേഷ് തുടങ്ങിയവരുടെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ കർണാടകയിൽ 23 ഇടങ്ങളിലായാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്.

തമിഴ്നാട്ടിൽ ഹോട്ടലുകളിൽ റെയ്ഡ്

തമിഴ്നാട്ടിൽ ശരവണ ഭവൻ ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സ്ഥാപനങ്ങളിൽ വ്യാഴാഴ്ച റെയ്ഡ് നടന്നു. ചെന്നൈയിൽ ഹോട്ട് ബ്രെഡ്സ്, അഞ്ജപ്പർ ഗ്രൂപ്പ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഹോട്ടൽ ഡയറക്ടര്‍മാരുടെ വീടുകൾ, ഓഫിസുകൾ തുടങ്ങി ചെന്നൈ നഗരത്തിൽ മാത്രം 32 ഇടങ്ങളിലാണു പരിശോധന നടന്നത്.

നികുതി വെട്ടിപ്പു നടത്തിയതായി പരാതി ഉയർന്ന സാഹചര്യത്തിലാണു പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹോട്ടൽ ഗ്രൂപ്പുകൾ വൻതോതിൽ നികുതി വെട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലടക്കം ശാഖകളുള്ള ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ സ്ഥാപനമാണ് ശരവണ ഭവൻ. അഞ്ജപ്പർ ഗ്രൂപ്പിന് ഇന്ത്യയ്ക്കകത്തും പുറത്തുമായി 70 ശാഖകളുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ടു സ്ഥാപന അധികൃതർ പ്രതികരിച്ചിട്ടില്ല.