പട്ന∙ ബിഹാറിൽ കന്നുകാലികളെ മോഷ്ടിച്ചെന്ന സംശയത്തിൽ 55 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയിൽ 300 ഓളം പേർ ചേർന്നാണ് കാബുള്‍ മിയാൻ എന്ന മധ്യവയസ്കനെ അതിക്രൂരമായി മർദിച്ച് കൊന്നത്. കള്ളൻ എന്നു വിളിച്ച് ആൾക്കൂട്ടം ഇയാളുടെ മുഖത്ത് ഇടിച്ചു. പിന്നീട് വടികളുപയോഗിച്ചും അക്രമിക്കുകയായിരുന്നു. അക്രമികൾ മൊബൈലിൽ കുറച്ചു വിഡിയോ ദൃശ്യങ്ങൾ ഇയാളെ കാണിച്ചിരുന്നതായും വിവരമുണ്ട്.
അടിക്കുന്നതിനിടെ അക്രമികൾ ഇയാളുടെ വസ്ത്രങ്ങൾ വലിച്ചൂരി. കാബുൾ മിയാൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വലിയ ആൾകൂട്ടത്തിന്റെ അക്രമത്തിൽ നിലത്തുവീഴുകയായിരുന്നു. ഡിസംബർ 29ൽ നടന്ന അക്രമത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രദേശവാസികൾക്കിടയിൽ പ്രചരിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ സംഭവം അറിയുന്നതു തന്നെ.
മറ്റൊരാളുടെ കന്നുകാലികളെ മോഷ്ടിക്കേണ്ട ആവശ്യം തനിക്കില്ലെന്നു മരിച്ചയാൾ വിഡിയോയിൽ പറയുന്നുണ്ട്. മരിച്ചയാളും അക്രമികളും തമ്മിൽ പരിചയമുണ്ടെന്നും ഇവരെല്ലാം ഒരു വിഭാഗത്തിൽനിന്നു തന്നെയുള്ളവരാണെന്നുമാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച ബിഹാറിലെ നളന്ദയിൽ 13കാരനെ ചിലർ തല്ലിക്കൊന്നിരുന്നു. ആർജെഡി നേതാവിന്റെ മരണവുമായി ബന്ധപ്പെട്ടാണു കുട്ടിയെ ചിലർ മർദിച്ചു കൊലപ്പെടുത്തിയത്.
നിതീഷ് കുമാർ സർക്കാരിനു കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതായി പ്രതിപക്ഷം ആരോപിച്ചു. കുറ്റവാളികൾക്കു വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.