ന്യൂഡൽഹി ∙ പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിലെ ‘ഇടപാടുകളും’ തമ്മിൽ വ്യത്യാസമുണ്ടെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിൽ റഫാൽ ഇടപാടിനെപ്പറ്റിയുള്ള ചർച്ചയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയെ ഉന്നമിട്ടു മന്ത്രി പറഞ്ഞു.
രാജ്യസുരക്ഷ പ്രധാനപ്പെട്ടതാണ്. ആരാണ് അധികാരത്തിലെന്നതു വിഷയമല്ല. സത്യത്തിൽനിന്ന് ഒളിച്ചോടില്ല. റഫാൽ യുദ്ധവിമാന ഇടപാട് രാജ്യത്തിന് അത്യാവശ്യമായിരുന്നു. പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിനായുള്ള ‘ഇടപാടുകളും’ തമ്മിൽ വ്യത്യാസമുണ്ട്. ദേശസുരക്ഷയെ മുൻനിർത്തിയുള്ള പ്രതിരോധ ഇടപാടാണു ഞങ്ങൾ നടത്തിയത് – നിർമല സീതാരാമൻ പറഞ്ഞു.
2016 സെപ്റ്റംബറിൽ 36 വിമാനങ്ങൾക്കായി രണ്ടു രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ കരാറാണിത്. 2019 സെപ്റ്റംബറിൽ ആദ്യത്തെയും 2022ൽ അവസാനത്തെയും വിമാനങ്ങൾ കൈമാറും. പ്രതിരോധ ഇടപാടുകൾ അവതാളത്തിലാക്കിലാക്കിയത് കഴിഞ്ഞ യുപിഎ സർക്കാരാണ്. രാജ്യസുരക്ഷയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു– മന്ത്രി പറഞ്ഞു.
നേരത്തെ ഈ വിഷയത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് അധികാരത്തിലെത്തിയാൽ റഫാൽ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് അഭിപ്രായപ്പെട്ടു. റഫാൽ ഇടപാട് രാജ്യാന്തര കടക്കാരനായ ‘സുഹൃത്തിനു’ നൽകുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസുരക്ഷയെ ദുർബലപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു.