പത്തനംതിട്ട ∙ കേരളത്തിന്റെ ശൈത്യകാലം ജനുവരിയിലേക്കു കാലുമാറിയപ്പോൾ തണുപ്പിന്റെ കാര്യത്തിൽ മറ്റൊരു റെക്കോർഡ് കൂടി ഉറപ്പിച്ച് കോട്ടയം. പുതുപ്പള്ളി റബർ ബോർഡ് ആസ്ഥാനത്തെ താപമാപിനിയിൽ ഇന്നലെ രേഖപ്പെടുത്തിയത് 16 ഡിഗ്രി സെൽഷ്യസ്; ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിമാസമെന്ന റെക്കോർഡിലേക്കാണ് കോട്ടയം വിറച്ചുകയറുന്നത്.
ഇതിനു മുമ്പ് കോട്ടയത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില 2005 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 15 ഡിഗ്രി ആയിരുന്നു. 2000 ഡിസംബർ 13 ന് 16.2 ഡിഗ്രി അനുഭവപ്പെട്ടു. 1975 ജനുവരിയിൽ 16.9 ഡിഗ്രിയും. നെടുമ്പാശേരി വിമാനത്താവളത്തിൽ (സിയാൽ) 2006 ഫെബ്രുവരി എട്ടിന് 14.8 ഡിഗ്രി രേഖപ്പെടുത്തി.
പുനലൂരിൽ 1956 ഡിസംബർ 11 ന് 15 ഡിഗ്രി രേഖപ്പെടുത്തി. 1968 ജനുവരി എട്ടിന് പുനലൂരിൽ അനുഭവപ്പെട്ട 12.9 ആണ് കേരളത്തിലെ താഴ്വര പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില. ഇനിയും താപനില താഴുമോ എന്ന് കാത്തിരിക്കയാണ് നിരീക്ഷകർ.
കോട്ടയത്തു മാത്രമല്ല, രാജ്യവ്യാപകമായി താപമാപിനികളിലെ രസനിരപ്പ് ഏറ്റവും താഴേക്കു പോയ ദിനമായിരുന്നു ഇന്നലത്തേത്. അമൃത്‌സറിലെ 1.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താഴ്വര പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില. മൂന്നാർ ഉൾപ്പെടെ ഹൈറേഞ്ച് മേഖല മൈനസിൽ തട്ടി മഞ്ഞിലേക്കു വീണുകിടന്നു. മണ്ണിനു മീതേ മഞ്ഞിനു കിടക്ക ഒരുക്കി മൂടിപ്പുതച്ച് ഭൂമിയും.
അതേസമയം കർണാടകത്തിലെ കടലോര നഗരമായ കാർവാറിൽ രേഖപ്പെടുത്തിയ 36 ഡിഗ്രിയാണ് ഇന്നലത്തെ ഏറ്റവും കൂടിയ താപനില. ചൂടാകുന്ന കാര്യത്തിൽ കോട്ടയവും ഇന്നലെ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. 34 ഡിഗ്രിയായിരുന്നു ഉച്ചസയമത്ത്. കുറഞ്ഞ താപനിലയുടെ ഇരട്ടിയും പിന്നിട്ട പ്രകടനം. രണ്ടു താപനിലകളും തമ്മിലുള്ള അന്തരം പത്തിൽ കൂടിയാൽ മരുഭൂസമാനമായ സാഹചര്യം ഭാവിയിൽ ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കേരളത്തിൽ അടുത്ത ദിവസങ്ങളിലൊന്നും മഴയ്ക്കു സാധ്യതയില്ല.
വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ട കുറഞ്ഞ താപനില: കേരളം: കോട്ടയം (16), സിയാൽ (17), ആലപ്പുഴ, തൃശൂർ, കണ്ണൂർ വിമാനത്താവളം, കരിപ്പൂർ (18), തിരുവനന്തപുരം, പുനലൂർ, കോഴിക്കോട് (20). ശബരിമല (21). ന്യൂഡൽഹി (7), കൊൽക്കത്ത (12), ബെംഗളൂരു, മൈസൂരു (13), മുംബൈ (14), കോയമ്പത്തൂർ (16), മംഗളൂരു (18), ചെന്നൈ (20). ഇതിൽ 15 ഡിഗ്രിക്കു താഴെയുള്ള ഏതു സ്ഥലത്തു പോകുമ്പോഴും കമ്പിളി കരുതുന്നതാണ് നല്ലത്.
പാബുക് ചുഴലി ഭീഷണിയാവില്ല
ആൻഡമാൻ തീരത്തോട് ചേർന്ന് രൂപപ്പെട്ട പാബുക് ചുഴലക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്കും കടക്കുമെങ്കിലും തമിഴ്നാട് തീരത്തേക്ക് എത്തില്ല. എന്നാൽ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. ആഴക്കടലിലേക്കു പോകരുതെന്നാണ് മുന്നറിയിപ്പ്.