ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ പ്രകാശ് രാജ് ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു പുതുവൽസര ദിനത്തിൽ പ്രഖ്യാപിച്ച പ്രകാശ് രാജ് മണ്ഡലം ഏതായിരിക്കുമെന്നു വെളിപ്പെടുത്തിയിരുന്നില്ല. പുതിയ യാത്രയ്ക്കു പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് പ്രകാശ് രാജ്, മൽസരിക്കുന്ന മണ്ഡലത്തിന്റെ പേര് ട്വിറ്ററിൽ കുറിച്ചത്. കുടൂതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നു പറഞ്ഞ അദ്ദേഹം, ‘പൗരന്റെ ശബ്ദം പാർലമെന്റിൽ’ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് അവസാനിപ്പിച്ചത്.
ഗൗരി ലങ്കേഷ് വധത്തിൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വാർത്തയിൽ ഇടം പിടിച്ചപ്പോഴൊക്കെ തനിക്കു രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്നാണു പ്രകാശ് രാജ് പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം മേയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രചാരണത്തിനായി പ്രകാശ് രാജ് ഇറങ്ങിയിരുന്നു. നിലവിൽ, ബിജെപിയുടെ പി.സി.മോഹനാണ് ബെംഗളൂരു സെൻട്രൽ എംപി. തുടർച്ചയായ രണ്ടാം തവണയാണ് മോഹൻ ഇവിടെ എംപിയായിരിക്കുന്നത്.