വിയോജിപ്പുകളോടെ തുടരേണ്ട, മാറി നില്‍ക്കുന്നതാണു മാന്യത: തന്ത്രിയോട് എ.കെ.ബാലന്‍

പാലക്കാട് ∙ യുവതീപ്രവേശത്തെ തുടര്‍ന്നു നടയടച്ചു ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രി കണ്ഠര് രാജീവർക്കെതിരായ നിലപാട് കടുപ്പിച്ച് സർക്കാരും ഭരണകക്ഷിയും. വിയോജിപ്പുകളോടെ തുടരേണ്ടതില്ലെന്നും മാറി നില്‍ക്കുന്നതാണു മാന്യതയെന്നും തന്ത്രിയോടു മന്ത്രി എ.കെ.ബാലന്‍ നിർദേശിച്ചു. സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

കോടതി വിധിപ്രകാരവും ഭരണഘടനാപ്രകാരവും ശുദ്ധിക്രിയ നടത്തിയതു തെറ്റാണ്. തിരുവിതാംകൂര്‍ ദേവസ്വം മാന്വല്‍ പ്രകാരം തന്ത്രിക്കു സ്വന്തം ഇഷ്ടപ്രകാരം ശുദ്ധിക്രിയ നടത്താന്‍ പാടില്ല. ഒരു മണിക്കൂറു കൊണ്ടൊന്നും നടത്താന്‍ കഴിയുന്നതല്ല ശുദ്ധിക്രിയയെന്നാണു താന്‍ മനസിലാക്കിയത്– എ.കെ.ബാലൻ പറഞ്ഞു.

ശബരിമല നട പൂട്ടിപോകും എന്നു പറയാന്‍ തന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നു മന്ത്രി ജി.സുധാകരൻ ചോദിച്ചിരുന്നു. ഒരു സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ? ശബരിമലയില്‍നിന്നു തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

ശുദ്ധിക്രിയ നടത്തിയതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. തന്ത്രി ഭീകരവാദികളുടെ കയ്യില്‍പെട്ട് കളിക്കുകയാണെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം.