കോട്ടയം∙കോട്ടയം പാത്താമുട്ടത്തെ സംഘർഷം പരിഹരിക്കാൻ ധാരണയായി. ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്നു വീടുകളിലേക്കു മടങ്ങും. അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിൽ തീരുമാനമായി. പ്രദേശത്തു സംഘർഷാവസ്ഥയും പ്രകോപനങ്ങളും ഒഴിവാക്കാൻ പൊലീസ് പിക്കറ്റിങ്ങും ഏർപ്പെടുത്തും.
കൃത്യമായ ഇടവേളകളിൽ പൊലീസ് സംഘത്തിന്റെ പട്രോളിങ്ങും നടക്കും. ഡിസംബർ 23നു രാത്രിയാണു പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ കാരൾ സംഘത്തെ പ്രദേശത്തെ യുവാക്കൾ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തിൽ 7 പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവർ ജാമ്യത്തിലിറങ്ങി അക്രമം തുടരുന്നെന്നായിരുന്നു പള്ളി അധികൃതരുടെ പരാതി. പ്രശ്ന പരിഹാരം നീണ്ടതോടെയാണു ജില്ലാ ഭരണകൂടം ഇടപെട്ടത്.
അതേസമയം പാത്താമുട്ടം പള്ളി സംഭവം സ്പോൺസർ ചെയ്തത് കോൺഗ്രസാണെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ആരോപിച്ചു. തികച്ചും പ്രദേശികമായ തർക്കങ്ങളുടെ പേരിലാണ് അക്രമം നടന്നത്. വിഷയം പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതാണ്. എന്നാൽ സ്ഥലം എംഎൽഎ കുടുംബങ്ങളെ സന്ദർശിച്ച ശേഷമാണ് ഡിവൈഎഫ്ഐ ഊരുവിലക്ക് എന്ന രീതിയിൽ പ്രചാരണം നടന്നതെന്നും വാസവൻ പറഞ്ഞു.
കാരൾ സംഘം മർദിച്ച യുവാക്കൾ അന്ന് രാത്രി 9.50ന് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. അവരാണ് 10.30ന് പള്ളി ആക്രമിച്ചു എന്നു പറയുന്നത്. കോൺഗ്രസ് ആരോപിക്കുന്നതു പോലെ ഡിവൈഎഫ്ഐ– പൊലീസ് ഒത്തുകളി നടന്നിട്ടില്ല. പെൺകുട്ടികളുടെ പരാതിയെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പിന്നീട് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്-വാസവൻ പറഞ്ഞു. പ്രതികളെന്ന് പറയപ്പെടുന്നവർ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകർ അല്ലെന്നും അംഗത്വമെടുത്ത ലക്ഷക്കണക്കിന് ആളുകളിൽ ചിലർ മാത്രമാണെന്നും ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്.