കണ്ണൂരിൽ സ്ഥിതി ശാന്തമാകുന്നു; സമാധാനം ഉറപ്പാക്കാൻ യോഗത്തിൽ ധാരണ

കണ്ണൂർ∙ ജില്ലയിൽ പൂർണമായി സമാധാനം ഉറപ്പാക്കാൻ സമാധാനയോഗത്തിൽ ധാരണ. ജില്ലാ കലക്ടർ മീർ മുഹമ്മദലി വിളിച്ചു ചേർത്ത യോഗത്തിൽ സിപിഎം, ബിജെപി നേതാക്കൾ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ സാഹചര്യത്തിലായിരുന്നു യോഗം. രണ്ടു ദിവസത്തേക്ക് പ്രകടനങ്ങൾ നടത്തില്ലെന്ന് ഇരു പാർട്ടികളും സമ്മതിച്ചു. ഈ നിർദേശം യോഗത്തിൽ വച്ചുതന്നെ ഇരുപാർട്ടികളുടെയും നേതാക്കൾ എല്ലാ കീഴ്ഘടകങ്ങൾക്കും നൽകി.

ജില്ലയിൽ സമാധാനം ഉറപ്പാക്കാൻ എല്ലാ സഹകരണവും നേതാക്കൾ ഉറപ്പു നൽകി. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സഹദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ. ചന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ആർഎസ്എസ് ജില്ലാ സഹകാര്യ വാഹക് കെ. പ്രമോദ്, ജില്ലാ പൊലീസ് മേധാവി ജി. ശിവ വിക്രം എന്നിവർ പങ്കെടുത്തു.